തിരുവനന്തപുരം: ട്രാവന്‍കൂര്‍ എസ്റ്റേറ്റിന്റെ ഭൂമി പോബ്‌സ് ഗ്രൂപ്പിന്റെ കൈവശമെത്തിയതില്‍ ദുരൂഹത. സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷ് കമ്പനിയായിരുന്ന ട്രാവന്‍കൂര്‍ എസ്റ്റേറ്റ് (യുകെ) ലിമിറ്റഡ് എന്ന കമ്പനിയുടെ 9,265 ഏക്കര്‍ ഭൂമി റാം ബഹദൂര്‍ ധാക്കൂര്‍ ഗ്രൂപ്പിന്റെ (ആര്‍ബിടി) കൈവശമെത്തുകയായിരുന്നു. അതില്‍ നിന്ന് 3,048 ഏക്കര്‍ 2008ല്‍ പോബ്‌സ് ഗ്രൂപ്പിന്റെ കൈയിലായി. ആര്‍ബിടിയില്‍ നിന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഏറ്റെടുത്ത ഭൂമിയാണ് പോബ്‌സ് ഗ്രൂപ്പ് ലേലത്തില്‍ സ്വന്തമാക്കിയത്. ഈ കൈമാറ്റമാണ് ദുരൂഹതയുണ്ടാക്കുന്നത്.
‘ട്രാവന്‍കൂര്‍ എസ്റ്റേറ്റ് (യുകെ) ലിമിറ്റഡിന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയതായിരുന്നു ഇടുക്കി പീരുമേട് താലൂക്കിലെ പീരുമേട്, പെരിയാര്‍, ഏലപ്പാറ വില്ലേജുകളിലെ 9,265 ഏക്കര്‍ ഭൂമി. സ്വാതന്ത്ര്യാനന്തരം കമ്പനി ഭൂമി ഉപേക്ഷിച്ചു പോയ ശേഷം 1976ല്‍ ബോംബെ സബ് രജിസ്ട്രാര്‍ ഓഫീസിലെ 1175/1976-ാം നമ്പര്‍ ആധാരം പ്രകാരം റാം ബഹദൂര്‍ ധാക്കൂര്‍ ലിമിറ്റഡിന് (ബീഹാര്‍) തോട്ട ഭൂമി കൈമാറിയതയി രേഖകള്‍ ഉണ്ടാക്കി. ഈ ഭൂമി 2006ല്‍ ആര്‍ബിറ്റിസിബിഎസ് ഗ്രൂപ്പിന് 4173 ഏക്കറും ആര്‍ബിറ്റി എംഎംഎസ് ഗ്രൂപ്പിന് 5092 ഏക്കര്‍ എന്നു വിഭജിച്ചതായും രേഖകളുണ്ടാക്കി.
ഇതിനു ശേഷമാണ് തോട്ടംതൊഴിലാളികളുടെ പിഎഫ് തുക കുടിശിക വന്നുവെന്നു കാണിച്ച് ഇപിഎഫ് ഓര്‍ഗനൈസേഷന്‍ ഈ രണ്ടു കമ്പനികളുടെയും പേരിലുള്ള ഭൂമി ജപ്തി ചെയ്യുന്നത്. വെറും അഞ്ചു ലക്ഷം രൂപ കുടിശിക ഉണ്ടായിരുന്നപ്പോള്‍ രണ്ടു കമ്പനികളില്‍ നിന്നുമായി 3,048 ഏക്കര്‍ ഭൂമിയാണ് ഇപിഎഫ് ഓര്‍ഗനേസേഷന്‍ ഏറ്റെടുത്തത്. ഈ ഭൂമി 2008ല്‍ പോബ്‌സ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് ലേലത്തില്‍ പിടിച്ചു. അഞ്ചു ലക്ഷം രൂപയ്‌ക്ക് ഇത്രയും ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ലേലം ചെയ്ത നടപടിക്കെതിരെ റവന്യൂ അധികാരികള്‍ അന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കി.
സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നു ഭൂമി ലേലത്തില്‍ പിടിക്കുമ്പോള്‍ കൈമാറ്റത്തിന് ഔദ്യോഗിക ഭാവം കൈവരും. ഇത് പിന്നീട് കോടതികളില്‍ രേഖകളായി ഉപയോഗിക്കാനും കഴിയും. പല തോട്ടഭൂമി കൈമാറ്റങ്ങളിലും ഇത്തരം തന്ത്രം പ്രയോഗിച്ചതായി ആക്ഷേപമുണ്ട്. ആര്‍ബിറ്റി എംഎംഎസ്-ആര്‍ബിടി സിബിഎസ് ഗ്രൂപ്പുകളുടെ കൈവശമുള്ള അവശേഷിക്കുന്ന ഭൂമിയും ഇപ്പോള്‍ പോബ്‌സണ്‍ തന്നെയാണ് കൈവശം വയ്‌ക്കുന്നത്.
വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നോട്ടീസ് നല്‍കുമ്പോള്‍ ആര്‍ബിടിയുടെ പേരില്‍ പ്രതിനിധികള്‍ ഹാജരാകുമെങ്കിലും ആര്‍ബിടിയുടെ പേരില്‍ അയയ്‌ക്കുന്ന റവന്യൂ നോട്ടീസുകള്‍ കൈപ്പറ്റിയിരിക്കുന്നത് പോബ്‌സണ്‍ തന്നെയാണ്. ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയ തോട്ട ഭൂമികളില്‍ വലിയൊരു ഭാഗം കൈവശം വച്ചിരിക്കുന്നത്. നിലവിലെ രേഖകളില്‍ കാണുന്നവരും കോടതികളില്‍ കക്ഷികളായി ഹാജരാവുന്നവരുമല്ല. ഇത് വേര്‍തിരിച്ചറിയാനാവാത്തതുമൂലം പലപ്പോഴും ഇത്തരം അനധികൃത തോട്ടഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ ഭൂ സംരക്ഷണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനാവാത്ത അവസ്ഥയാണ്.
















