കൊച്ചി: പുസ്തക പ്രസാധകര്‍ക്കായി ഒരാഴ്ചത്തെ പരിശീലന ക്ലാസ് തുടങ്ങി. നാഷണല്‍ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യ, കുസാറ്റിന്റെയും യൂണിവേഴ്സിറ്റി ലൈബ്രറിയുടെയും സഹകരണത്തോടെ നടത്തുന്ന ഈ പരിശീലനം സംസ്ഥാനത്ത് ആദ്യമാണ്.
പ്രസിദ്ധീകരണ രംഗത്തെ പുത്തന്‍രീതികളും സാങ്കേതിക സംവിധാനങ്ങളും നിയമപരമായ കാര്യങ്ങളുമുള്‍പ്പെടെ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതാണ് സംവിധാനം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സര്‍ട്ടിഫിക്കറ്റ് കോഴ്സ് കൂടിയാണ്.
പുസ്തകങ്ങളുടെ ഭാവി സുഭദ്രമാണെന്നും പുസ്തക പ്രസാധകര്‍ക്ക് അനന്ത സാധ്യതയാണുള്ളതെന്നും മുഖ്യപ്രഭാഷണം നടത്തിയ എന്‍ബിടി ചെയര്മാന് ബല്‍ദേവ് ശര്‍മ്മ വിശദീകരിച്ചു. കോഴ്സ് യുവാക്കള്‍ക്ക് വളരെ പ്രയോജനപ്പെടുമെന്നും ഇതിലൂടെ വിജ്ഞാനം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
റിട്ട. ജസ്റ്റിസ് പി. എസ്. ഗോപിനാഥന് ഉദ്ഘാടനം ചെയ്തു. കുസാറ്റ് വിസി: ഡോ. ജെ. ലത അധ്യക്ഷയായി. കുസാറ്റ് സിന്‍ഡിക്കേറ്റംഗം ഡോ. ചന്ദ്രമോഹന കുമാര്‍, എന്‍ബിടി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ. എന്‍. നന്ദകുമാര്‍, കുസാറ്റ് ചീഫ് ലൈബ്രേറിയന്‍ ഡോ. സി. വീരാന്‍കുട്ടി, പരിശീലകന് നരേന്ദ്ര കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പുസ്തക പ്രസാധക മേഖലയിലെ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. എഡിറ്റിങ്, ഡിടിപി, പ്രൂഫ് റീഡിംഗ്, ബുക്ക് ഡിസൈനിങ്, ഐഎസ്ബിഎന്, വെബ് ടെക്നോളജി, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളും കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബല്‍ദേവ് ശര്‍മ്മയ്ക്ക് സ്വീകരണം
കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ സ്വാഗത സംഘ രൂപീകരണ യോഗം എറണാകുളം ബിടിഎച്ചില്‍ നടത്തി. നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്മാന് ബല്‍ദേവ് ഭായ് ശര്‍മ്മയ്ക്ക് സ്വീകരണം നല്കി. പുസ്തകങ്ങള്‍ സംസ്കാരവും, മനുഷ്യര്‍ക്കിടയില്‍ പാരസ്പര്യവും വളര്‍ത്തുന്നതായി മുഖ്യാതിഥിയായ ബല്‍ദേവ് ശര്‍മ്മ പറഞ്ഞു.
അന്താരാഷ്ട്ര പുസ്തകോത്സവങ്ങള്‍ അവയ്ക്കൊരു വേദിയൊരുക്കാന്‍ സഹായിക്കുന്നു. പുസ്തകം ഇല്ലെങ്കില്‍ മനുഷ്യനും, മനുഷ്യത്വവുമില്ല. വിവരവും, വിജ്ഞാനവും രണ്ടാണ്. കുട്ടികളെ പുസ്തകങ്ങളോട് അടുപ്പിക്കണം. അതിലൂടെ സാക്ഷര കേരളത്തെ വിജ്ഞാന കേരളമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് പി. എസ്. ഗോപിനാഥന് ചെയര്‍മാനെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരളത്തില്‍ വായന പിന്നാക്കം പോയതില്‍ ചില പ്രസാധകര്‍ക്കും പങ്കുണ്ടെന്ന് നാഷണല്‍ ബുക്ക് ട്രസ്റ്റ് നിര്‍വ്വാഹക സമിതിയംഗം ഇ. എന്‍. നന്ദകുമാര്‍ പറഞ്ഞു. ട്രസ്റ്റിന് കേരളത്തില്‍ പല കാര്യങ്ങളും ചെയ്യാന്‍ കഴിയും. ഇതിനായി പ്രധാന സ്ഥലങ്ങളില്‍ ശില്പശാലയും, സെമിനാറുകളും സംഘടിപ്പിക്കും. ട്രസ്റ്റ് പുതിയ തലമുറയിലെ എഴുത്തുകാര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കെ. എല്‍. മോഹനവര്‍മ്മ, ആര്. ഗോപാലകൃഷ്ണന്, അഡ്വ. എം. ശശിശങ്കര്‍, ബി. പ്രകാശ് ബാബു, ഇ. എം. ഹരിദാസ്, ടി. കെ. പ്രഫുല്ലചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: