അടിമാലി: വൈദ്യുതി കണക്ഷന് ലഭിക്കാത്തതിനെത്തുടര്‍ന്ന് അടിമാലി ടെക്നിക്കല്‍ സ്കൂളിന്റെ വര്‍ക്ക്ഷോപ്പ് കെട്ടിടം പ്രവര്‍ത്തനസജ്ജമാകാത്തതിനാല്‍ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ദുരിതത്തിലായി. ഒരു വര്‍ഷം മുമ്പ് സ്കൂളിന് സമീപത്തായി നിര്‍മ്മിച്ച കെട്ടിടം കാട് മൂടി നാശത്തിന്റ വക്കിലാണ്. അടിമാലി ടൗണില്‍ ലൈബ്രറി റോഡിലുള്ള വാടകക്കെട്ടിടത്തില്‍ അസൗകര്യങ്ങള്‍ക്ക് നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ കൂമ്പന്‍പാറയ്ക്ക് സമീപം സ്വന്തമായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് 2014 ഫെബ്രുവരി 20 ന് മാറി പ്രവര്‍ത്തനമാരംഭിച്ചു.
തുടക്കത്തില്‍ ഇവിടെ വര്‍ക്ക്ഷോപ്പ് സൗകര്യമില്ലാത്തതിനാല്‍ 3 കിലോമീറ്ററിലേറെ യാത്ര ചെയ്ത് പഴയ സ്ഥലത്താണ് കുട്ടികള്‍ പരിശീലനം നടത്തിയിരുന്നത്. ഇത് കുട്ടികള്‍ക്കും, അദ്ധ്യാപകര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ക്ക് ഷോപ്പ് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി ഉണ്ടാവുകയും ഒരു വര്‍ഷം മുമ്പ് പണികള്‍ പൂര്‍ത്തിയാവുകയും ചെയ്തു. വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും വൈദ്യുതി ബോര്ഡിന്റെഅനാസ്ഥ മൂലം ഇതുവരെ വൈദ്യുതി നല്‍കുന്നതിന് തയ്യാറായിട്ടില്ല പണി തീര്‍ന്ന കെട്ടിടം ഉപയോഗമില്ലാതെ കാടുകയറി നശിക്കുകയാണ്. ജില്ലയുടെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തിയ അടിമാലിയ്ക്ക് വിളിപ്പാടകലെയാണ് ടെക്നിക്കല്‍ സ്കൂള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: