തളിപ്പറമ്പ്: വന്യജീവിജീവിതചര്യയിലെ അനര്‍ഘ മുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനായതിന്റെ ത്രില്ലിലാണ് തളിപ്പറമ്പിലെ പരിസ്ഥിതിസ്‌നേഹിയും പാമ്പു നിരീക്ഷകനുമായ വിജയ് നീലകണ്ഠന്‍. കര്‍ണ്ണാടക കേരള അതിര്‍ത്തിക്കടുത്ത കാഞ്ഞിരക്കൊല്ലി വനമേഖലയില്‍ അളകാപുരി വെള്ളച്ചാട്ടത്തിനടുത്തു വെച്ചാണ് ലോക സര്‍പ്പ ദിനമായ 16ന് ഞായറാഴ്ച രാജവെമ്പാലയുടെ ഉടുമ്പുതീറ്റ ചിത്രീകരിച്ച് വന്യജീവിചരിത്രത്തിലെ അത്യപൂര്‍വദൃശ്യങ്ങള്‍ വിജയ് നീലകണ്ഠന്‍ സ്വന്തമാക്കിയത്. ഇതോടെ തന്റെ മുപ്പതോളം വര്‍ഷത്തെ പ്രകൃതി നിരീക്ഷണയത്‌നത്തിലെ ഒരു നാഴികക്കല്ലായി ഈ ചിത്രങ്ങള്‍ വന്യജീവിജീവിതചര്യാ രേഖകളില്‍ അടയാളപ്പെടുത്തുമെന്ന പ്രതീക്ഷയിലാണിദ്ദേഹം.
രാജവെമ്പാലയുടെ ഭക്ഷണം വിഷമുള്ളതും വിഷമില്ലാത്തതുമായ മറ്റു പാമ്പുകളാണ്. അപൂര്‍വമായി പല്ലിവര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളേയും ഇവ തിന്നാറുണ്ട്. ഒരിക്കല്‍ ഇരപിടിച്ചാല്‍ മാസങ്ങള്‍ തന്നെ ഭക്ഷണം കഴിക്കാതിരിക്കുന്ന സ്വഭാക്കാരാണ് രാജവെമ്പാലകള്‍. എന്നാല്‍ ഉടുമ്പ് പോലുള്ള പല്ലിവര്‍ഗ്ഗത്തിലെ ഉന്നതനെ അത്യപൂര്‍വമായി മാത്രമേ രാജവെമ്പാല ഭക്ഷിക്കാറുള്ളൂ. ദഹിക്കാനേറെ പ്രയാസമുള്ള ഉടുമ്പിന്റെ കട്ടിയുള്ള ത്വക്ക് തന്നെ കാരണം. മറ്റ് ഇരകളെ തീര്‍ത്തും കിട്ടാത്ത ഒരു ഘട്ടത്തില്‍ വിശന്നു വലഞ്ഞാല്‍ മാത്രമാണ് രാജവെമ്പാല ഉടുമ്പിനെ ഭക്ഷണമാക്കുന്നത്. ദിവസങ്ങളും മാസങ്ങളും കൊണ്ടേ ഉടുമ്പിനെ തിന്ന ശേഷമുള്ള ദഹനപ്രക്രിയ പൂര്‍ത്തിയാക്കാനാകൂ. ഇത് വിരല്‍ ചൂണ്ടുന്നത്, കര്‍ണ്ണാടകകേരളാതിര്‍ത്തിയിലുള്ള വനമേഖലകളില്‍ പാമ്പുകള്‍ക്ക് അസ്വാഭാവികമായ വിനാശം സംഭവിക്കുന്നു എന്നും അടിയന്തിര ശ്രദ്ധ ലഭ്യമാകുംവിധം വനം വകുപ്പും അധികൃതരും രക്ഷാനടപടികളും ബോധവല്‍ക്കരണവും കര്‍ശനമാക്കേണ്ടതുണ്ട് എന്നുമാണെന്ന് വിജയ് നീലകണ്ഠന്‍ പറഞ്ഞു.
രാജവെമ്പാലയെ വംശനാശം നേരിടുന്ന ഉരഗവര്‍ഗ്ഗമായി 2012 ജൂലൈ 4ന് ഐയുസിഎന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇവയെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയൊ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ലോകപ്രശസ്ത വന്യജീവി നിരീക്ഷകനായ ജിം കോര്‍ബറ്റ്, തന്റെ പുസ്തകത്തില്‍ താനിതുവരെ ഒരു രാജവെമ്പാലയെ കൊന്നിട്ടില്ലെന്നും കാരണം അത് മനുഷ്യരെ അക്രമിക്കാറില്ല എന്നതാണെന്നും എടുത്തു പറയുന്നുണ്ടെന്നും വിജയ് നീലകണ്ഠന്‍ പറഞ്ഞു.

















