താമരശ്ശേരി: ബിജെപി കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി പയോണ പൊതു ശ്മശാനം എത്രയും പെട്ടെന്ന് ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ശവമഞ്ചവുമായി മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നാല്‍പ്പത് വര്‍ഷത്തിലധികം പഴക്കമുള്ള പൊതു ശ്മശാനം മൃതദേഹം സംസ്കരിക്കാനുള്ള സജ്ജീകരണങ്ങളില്ലാതെ വര്‍ഷങ്ങളായി മുടങ്ങിയിരിക്കുകയാണ്. ലക്ഷങ്ങളുടെ ഫണ്ട് പല ഘട്ടങ്ങളിലായി ലഭിച്ചിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല. ശവസംസ്കാര സൗകര്യങ്ങളില്ലാത്ത നിരവധി പാവപ്പെട്ടവരുടെയും കോളനി നിവാസികളുടെയും ഏക ആശ്രയമാണ് ഈ പൊതു ശ്മശാനം. ബി.ജെ.പി.കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഷാന്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ആധുനിക രീതിയിലുള്ള പൊതു ശ്മശാനം എത്രയും പെട്ടെന്ന് ജനങ്ങള്‍ക്ക് സജ്ജമാക്കിക്കൊടുത്തില്ലെങ്കില് ശക്തമായ സമര പരിപാടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഷാന്‍ കരിഞ്ചോല അധ്യക്ഷത വഹിച്ചു. ഒ.ബി.സി. മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വത്സന് മേടോത്ത്, മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി മല്ലിക ലോഹിതാക്ഷന്, രാജീവ് ബാലന്, എ.വി.സുരേഷ്, വത്സല കനകദാസ്, എം.എ.നിനീഷ്, പ്രീത രാജന്, കെ.വി.ശ്രീജ. കെ.കെ.വിജയന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: