തൃശൂര്‍: കോള്‍ കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വാര്‍ഷികയോഗം നിര്‍ത്തിവെച്ചു. കോള്‍കര്‍ഷക പ്രതിനിധികളുടെ വാര്‍ഷികയോഗത്തില്‍ നിന്ന് കര്‍ഷകര്‍ ഇറങ്ങിപ്പോവുകയായിരുന്നു. നെല്ലിന്റെ സംഭരണ വില നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന യോഗം കര്‍ഷകര്‍ തടസപ്പെടുത്തുകയായിരുന്നു.
അടുത്ത വര്‍ഷം കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു.തങ്ങളില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ തുക നല്കിയ ശേഷം യോഗം നടത്തിയാല്‍ മതിയെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ രംഗത്തെത്തത്തുകയായിരുന്നു. ജില്ലയില്‍ 47 കോടി രൂപയാണ് കര്‍ഷകര്‍ക്ക് കുടിശിക ഇനത്തില്‍ ലഭിക്കാനുള്ളത്. ഇത് ലഭിക്കാത്തതിനാല്‍ വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
കൃഷിമന്ത്രിയുമായി നിരവധി തവണ ചര്‍ച്ച ചെയ്തിട്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടും കര്‍ഷകരുടെ കുടിശിക നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കോള്‍കര്‍ഷക സമിതി ഭാരവാഹികള്‍ പറഞ്ഞു. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മൂലമാണ് കര്‍ഷകര്‍ക്ക് പണം ലഭ്യമാകാത്തതെന്നും നെല്ലിന്റെ പണം ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അവര്‍ പറഞ്ഞു. ആര്.ഡി.ഒ. കെ.അജീഷിന്റെ അധ്യക്ഷതയിലാണ് യോഗം സംഘടിപ്പിച്ചത്. കോള്‍ കര്‍ഷക സംഘം പ്രസിഡന്റ് മുരളി പെരുനെല്ലി എം.എല്‍.എ, കോള്‍ കര്‍ഷക സംഘം പ്രതിനിധി എന്‍.കെ. സുബ്രഹ്മണ്യന്, എ.ഡി.എം. സി.വി.സജന്, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.രാധാകൃഷ്ണന്, പുഞ്ച സ്പെഷല്‍ ഓഫീസര്‍ എം.സത്യന് എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
അതേ സമയം കര്‍ഷകര്‍ക്ക് നല്‍കാനുള്ള 131 കോടി രൂപയില്‍ 90 കോടി രൂപ നല്‍കിയതായും ബാക്കിയുള്ള 41 കോടി ഉടന്‍ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: