ഇടുക്കി: വരാനിരിക്കുന്നത് കഴിഞ്ഞ വേനലിനേക്കാള്‍ കടുത്ത വരള്‍ച്ചയെന്ന സൂചന നല്കി ഡാമുകളിലെ ജലനിരപ്പ്. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം പ്രധാനപ്പെട്ട 16 ഡാമുകളില്‍ അവശേഷിക്കുന്നത് 901.571 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രം. സംഭരണ ശേഷിയുടെ 22 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 1556.189 ദശലക്ഷം യൂണിറ്റായിരുന്നു. അതായത് 655 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം കുറവ്. 2015 ല്‍ ഇതേ സമയം ഇത് 1704.725, 2014ല്‍ 867.109, 2013ല്‍ 2363.476, 2012ല്‍ 670.689 ദശലക്ഷം യൂണിറ്റ് എന്നിങ്ങനെയാണ് കണക്കുകള്‍.
പൊതുവെ മഴ കുറഞ്ഞ വര്‍ഷമായിരുന്നു 2016, അന്ന് ഉള്ള വെള്ളത്തിന്റെ അടുത്ത് പോലും ഈ വര്‍ഷം ജലനിരപ്പ് എത്താത്തത് വൈദ്യുതി വകുപ്പിനെയും ഒപ്പം വാട്ടര്‍ അതോറിറ്റിയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഡാമുകളിലേയ്ക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. 11.382 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് കഴിഞ്ഞ ദിവസം ഡാമുകളിലേയ്ക്ക് എത്തിയത്. മുന്‍വര്‍ഷങ്ങളില്‍ ഇത് 14-22 വരെയായിരുന്നു. ഏതാനും ദിവസമായി സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന മഴയിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് കുറ്റ്യാടി അണക്കെട്ടിലാണ്, 6.5 സെന്റീമീറ്റര്‍.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 2003 ന് ശേഷം ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്ന് 2299 അടിയിലെത്തിയതും തിരിച്ചടിയാകുകയാണ്. മികച്ച മഴ ലഭിക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ലഭിച്ചിരുന്നതിനാല്‍ ഡാമിലെ വൈദ്യുതി ഉല്പാദനം കൂട്ടിയിരുന്നു. എന്നാല്‍ ജൂലൈ പാതി പിന്നിടുമ്പോഴും ഡാമിലെ ജലനിരപ്പ് കാര്യമായി ഉയരാത്തത് ആശങ്ക കൂട്ടുകയാണ്. നിലവില്‍ 2316.60 അടിയാണ് ഇടുക്കിയിലെ ജനനിരപ്പ്. 20.71 ശതമാനം.
കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 2334.86 അടിയായിരുന്നു. 33.69 ശതമാനം. അതായത് ഏകദേശം 18 അടിയുടെ കുറവ്. പമ്പ-കക്കി അണക്കെട്ടുകളില്‍ അവശേഷിക്കുന്നത് 21 ശതമാനം വെള്ളം മാത്രമാണ്. 162.035 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഇവിടെ അവശേഷിക്കുമ്പോള്‍ ഇടുക്കിയിലുള്ളത് 444.96 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ്. വ്യാഴാഴ്ച സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 62.6875 ദശലക്ഷം യൂണിറ്റായിരുന്നപ്പോള്‍ സംസ്ഥാനത്ത് ഉല്പാദിപ്പിച്ചത് 12.3622 ദശലക്ഷം യൂണിറ്റ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: