കണ്ണൂര്‍: പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അധ്യാപകരേയും ജീവനക്കാരേയും വിദ്യാഭ്യാസ ഓഫീസര്‍മാരേയും അന്യായമായി സ്ഥലം മാറ്റുകയാണെന്ന് ഫെറ്റോ കണ്ണൂര്‍ ജില്ലാ കണ്വന്ഷന് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള സ്ഥലംമാറ്റം സിവില്‍ സര്‍വ്വീസിനേയും പൊതുവിദ്യാഭ്യാസത്തേയും തകര്‍ക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരാജയപ്പെടുത്തുന്നതിന് ഇത്തരം നീക്കം ഇടയാക്കുമെന്ന് കണ്വന്ഷന് മുന്നറിയിപ്പ് നല്കി. ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്വന്ഷന് എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് കെ.എന്‍.വിനോദ് ഉദ്ഘാടനം ചെയ്തു. കാലാഹരണപ്പെട്ട റവന്യു നിയമം പരിഷ്ക്കരിക്കുക, ജീവനക്കാരുടെ പ്രമോഷന് സാധ്യത വര്‍ദ്ധിപ്പിക്കുക, അര്‍ഹത ഉണ്ടായിട്ടും അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാതിരിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ശമ്പള പരിഷ്ക്കരണ റിപ്പോര്ട്ടിനുമപ്പുറം കേന്ദ്രജീവനക്കാര്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മാതൃകയാക്കുക എന്നീ പ്രമേയങ്ങളും കണ്വന്ഷന് അംഗീകരിച്ചു.
എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂദനന്, എ.കെ.രാമകൃഷ്ണന്, എം.ടി.സുരേഷ്കുമാര്‍, സജീവന് ചാത്തോത്ത്, കെ.ഷാജി, കെ.ഒ.ജയകൃഷ്ണന്, കെ.കെ.സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി കെ.കെ.വിനോദ്കുമാര്‍ (പ്രസിഡണ്ട്), പി.ബാലന്, എം.വി.ജയരാജന് (വൈസ് പ്രസിഡണ്ടുമാര്‍), പി.കെ.ജയപ്രകാശ് (സെക്രട്ടറി), കെ.കെ.സന്തോഷ്, പി.വി.സുരേന്ദ്രനാഥ് (ജോയന്റ് സെക്രട്ടറിമാര്‍), സി.രമേശന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: