ചെന്നൈ: ചൈനയുടെ വെല്ലുവിളികള്‍ക്ക് ശക്തമായ മറുപടിയെന്നോണം ഇന്ത്യ- യുഎസ്- ജപ്പാന്‍ സംയുക്ത നാവിക അഭ്യാസപ്രകടനമായ ‘മലബാര്‍- 2017’ ബംഗാള്‍ ഉള്‍ക്കടലില്‍ ആരംഭിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തി ല്‍ ചൈനയുടെ സാന്നിദ്ധ്യം കൂടിക്കൂടി വരുന്നത് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കും ഭീഷണിയാണ്.
തങ്ങളുടെത് നല്ല കൂട്ടുകെട്ടാണെന്നും മലബാര്‍- 2017ലൂടെ ചിലരുടെ തെറ്റായ കണക്കുഹൂട്ടലുകളുടെ സാധ്യത ഇല്ലാതാക്കുവാന്‍ സാധിക്കുമെന്നും യുഎസ് സ്‌ട്രൈക്ക് ഗ്രൂപ്പ് 11 കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ വില്ല്യം ഡി ബൈറന്‍ പറഞ്ഞു.
മലബാര്‍ നാവികാഭ്യാസം ചൈനയ്‌ക്കുള്ള വ്യക്തമായ സൂചനയാണെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു യുഎസ് കമാന്‍ഡര്‍ പറഞ്ഞു. ഞങ്ങള്‍ നല്ല കൂട്ടുകെട്ടാണെന്ന് അവര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പൊതുവായ വെല്ലുവിളികളെയും ഭീഷണികളെയും നേരിടുന്നതിനുള്ളതാണ് ഇതെന്ന് മലബാര്‍ സംയുക്ത നാവികാഭ്യാസത്തിന് തുടക്കം കുറിച്ചുകൊണ്ട് കിഴക്കന്‍ നാവിക കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എച്ച്‌സിഎസ് ബിസ്ത് പറഞ്ഞു.
ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും ചൈനയുടെ വെല്ലുവിളികള്‍ക്കുള്ള തയ്യാറെടുപ്പാണെന്നുള്ളത് അദ്ദേഹം നിഷേധിച്ചു. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് നാവികസേനയുടെ മൂന്ന് വിമാനവാഹിനിക്കപ്പലുകളും ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് വിക്രമാദിത്യയും ജാപ്പനീസ് മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിന്റെ ജെഎസ് ഇസ്‌മോയും നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇതുകൂടാതെ 16 കപ്പലുകളും 95 വിമാനങ്ങളും നിരവധി യുദ്ധവിമാനങ്ങളും രണ്ട് മുങ്ങിക്കപ്പലുകളും സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. സംയുക്ത നാവികാഭ്യാസത്തെ ചൈന നിരീക്ഷിക്കുന്നുണ്ടെന്ന സൂചനകളെ ഇവര്‍ അവഗണിച്ചു.
















