മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ക്യാപ്റ്റനും പ്രമുഖ കമന്റേറ്ററുമായ രവി ശാസ്ത്രിയെ തെരഞ്ഞെടുത്തു എന്ന വാര്‍ത്തകള്‍ ബി.സി.സി.ഐ നിഷേധിച്ചു. നേരത്തെ സച്ചിന്‍ ടെന്റുല്‍ക്കറുടെ നിര്‍ദേശപ്രകാരമാണ് രവി ശാസ്ത്രി കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയത്.
അനില്‍ കുംബ്ലെ രാജിവെച്ച ഒഴിവിലേക്ക് രവി ശാസ്ത്രിയെ നിയമിച്ചതായി ഏതാനും മണിക്കൂറുകള്‍ മുമ്പാണ് റിപ്പോര്‍ട്ട് വന്നത്. 2019 ലോകകപ്പ് വരെയാണ് രവി ശാസ്ത്രിയുടെ കാലാവധിയെന്നും റിപ്പോര്‍ട്ട് വന്നു. നേരത്തെ ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ച പരിചയമാണ് രവി ശാസ്ത്രിക്ക് ഗുണകരമായി എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ബി സി സി ഐ ഇവയെല്ലാം നിഷേധിച്ചു.
വീരേന്ദര്‍ സേവാഗിനാണ് രവി ശാസ്ത്രിക്കൊപ്പം ഇന്ത്യന്‍ കോച്ചാകാന്‍ സാധ്യതയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍, ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിയവരുടെ പിന്തുണ രവി ശാസ്ത്രിക്കാണ്. എന്നാല്‍ കോച്ചിനെ തിരഞ്ഞെടുക്കേണ്ട ബി സി സി ഐ ഉപദേശക സമിതി അംഗമായ ഗാംഗുലിക്ക് ശാസ്ത്രിയോട് അത്ര പിടുത്തമില്ല.
ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അനില്‍ കുംബ്ലെ രാജിവെച്ചതോടെയാണ് ടീം ഇന്ത്യയ്‌ക്ക് പുതിയ കോച്ചിനെ തിരയേണ്ടിവന്നത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ തോല്‍വിക്ക് പിന്നാലെയാണ് കുംബ്ലെ രാജിവെച്ചത്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്, ടോം മൂഡി, ദൊഡ്ഡ ഗണേഷ്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരാണ് ഈ സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയത്. ജൂണ്‍ 9-നായിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനത്തെ തീയതി.
















