കൂറ്റന്‍പാറകള്‍ക്ക് നടുവിലെ ജയറാമിന്റെ വീട്
കട്ടപ്പന: കൂറ്റന്‍പാറകള്‍ക്ക് നടുവില്‍ ജീവന്‍ കൈയിലേന്തി ചെറിയ കുട്ടികളടക്കമുള്ള ആറംഗ കുടുബം. അമ്പലപ്പാറ വിജയവിലാസത്തില്‍ ജയറാമിന്റെ കുടുംബമാണ് ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങളായി ജീവിതം തള്ളി നീക്കുന്നത്. കാടിളക്കി എത്തുന്ന കാട്ടാനയെ പോലെ വീടിന് ചുറ്റും നിരന്നിരിക്കുന്നത് അഞ്ച് കൂറ്റന്‍ പാറകളാണ്. ജയറാമിന്റെ ഭാര്യ വിജയയും ഇളയമകളും ഭര്‍ത്താവും ഇവരുടെ രണ്ട് കുട്ടികളുമാണ് കൂറ്റന്‍ പാറകള്‍ക്കുനടുവില്‍ താമസിക്കുന്നത്.
കാറ്റൊന്നു വീശിയാല്‍, മാനം കറുത്താല്‍ ജയറാമിന്റെയും വിജയുടെയും മനസില്‍ തീയാണ്. പാറയ്‌ക്ക് കീഴിലെ മണ്ണ് ഒലിച്ചുപോയാല്‍ ഈ പാറ മറിഞ്ഞു വീഴാം. അങ്ങനെ സംഭവിച്ചാല്‍ ഈ കുടുംബം പിന്നെ കാണില്ല. വരാനിരിക്കുന്ന ഈ ദുരന്തവും മുന്നില്‍ കണ്ട് ഇവര്‍ ജീവിതം തള്ളി നീക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്തായി.
ഭൂചലനമോ മണ്ണിടിച്ചിലോ ഉണ്ടാകരുതെന്ന പ്രാര്‍ത്ഥനയാണ് ഇവര്‍ക്ക്. പാറമട തൊഴിലാളിയായിരുന്ന ജയറാമും ഭാര്യയും ഏറെ നാള്‍ ഷെഡില്‍ കഴിഞ്ഞ ശേഷമാണ് തലചായ്‌ക്കാന്‍ ഒരു പിടി മണ്ണ് തേടി ഈ പാറക്കൂട്ടത്തില്‍ അഭയംതേടിയത്. 10000 രൂപയാണ് അന്ന് ഉടമ ഈ സ്ഥലത്തിന് വാങ്ങിയത്. പട്ടയമില്ലാത്തതിനാല്‍ സ്ഥലം ആരും വാങ്ങാതെ വെറുതെ കിടക്കുകയായിരുന്നു. മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ ജയറാം സ്ഥലം വാങ്ങി വീട് വച്ച് താമസിക്കുകയായിരുന്നു. സമീപത്തായി മകള്‍ക്ക് കൊടുത്ത സ്ഥലത്ത് താല്‍ക്കാലിക വീടുണ്ടെങ്കിലും ഇതും പാറക്കെട്ടിനിടയില്‍ തന്നെയാണ്. ഇവരെ മാറ്റി താമസിപ്പിക്കാനോ പകരം സ്ഥലമോ, വീടോ നല്‍കാനോ അധികാരികളും തയാറാകുന്നില്ല.
















