കോഴിക്കോട്: ജിഎസ്ടിയുടെ പേരിലുള്ള വ്യാപാരികളുടെ സമരത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്കിനും സംസ്ഥാന സര്‍ക്കാരിനുമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്‍ കോഴിക്കോട്ട് പറഞ്ഞു.
ജിഎസ്ടി നടപ്പാക്കുമെന്ന് അറിഞ്ഞിട്ടും മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കാനോ വ്യാപാരികളുമായി ചര്‍ച്ചകള്‍ നടത്താനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിലാണ് കേരളത്തിലെ വ്യാപാരികള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. ഇതിന് കാരണക്കാര്‍ ധനകാര്യവകുപ്പുമന്ത്രി തോമസ് ഐസക്കും ഇടതുപക്ഷവുമാണ്. ജിഎസ്ടി വഴി വരുന്ന പണം ഖജനാവിലേക്ക് വരട്ടെയെന്നും ഞങ്ങള്‍
ജിഎസ്ടിക്ക് എതിരാണെന്നും കാണിക്കാനായിരുന്നു ധനമന്ത്രിയുടെ പ്രവര്‍ത്തനം.
ജിഎസ്ടി ബാധകമല്ലാത്ത ഇറച്ചി കോഴിയുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ സമരം നടത്തുന്നത് കേരളത്തില്‍ മാത്രമാണ്. ധനകാര്യവകുപ്പ് മന്ത്രി കോഴിക്ക് 87 രൂപ വില നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണ്. കുറഞ്ഞ വിലയ്‌ക്ക് സിവില്‍ സപ്ലൈസ് വഴിയോ സഹകരണ സംഘങ്ങള്‍ വഴിയോ കോഴി വില്‍പ്പന നടത്താന്‍ തയ്യാറാവുകയാണ് വേണ്ടിയിരുന്നത്.
കോഴി വ്യാപാരികള്‍ കുത്തകകള്‍ ആണെന്നാണ് ധനമന്ത്രി പറയുന്നത്. പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സിഐടിയുവില്‍ ലയിച്ചതാണ്. അങ്ങനെയെങ്കില്‍ സിഐടിയു പിരിച്ചുവിടണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കാനായി കേന്ദ്രം നല്‍കിയ പണം ഉടന്‍ വിതരണം ചെയ്യണം. അത് വകമാറ്റി ചെലവഴിക്കരുത്. ജിഎസ്ടി, തൊഴിലുറപ്പുകൂലി വിഷയത്തില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















