സുരേഷ് ബാബുവും രമ്യയും മൂത്തമകള്‍ ദുര്‍ഗയും രുദ്രയുടെ ചിത്രവുമായി
മാറനല്ലൂര്‍(തിരുവനന്തപുരം): മകളുടെ ഓര്‍മദിനത്തില്‍ ക്ഷേത്രത്തിലെത്തി ആചാരപ്രകാരമുള്ള പൂജകള്‍, അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ഉച്ചയ്‌ക്ക് മധുരം വിളമ്പണം…. ഒരു വര്‍ഷം മുമ്പ് ആശുപത്രി അധികൃതരുടെ കൈപ്പിഴയില്‍ ജീവന്‍ പൊലിഞ്ഞ മാറനല്ലൂര്‍ വിലങ്ങറത്തല കിഴക്കുംകര വീട്ടില്‍ സുരേഷ് ബാബു-രമ്യ ദമ്പതികളുടെ മകള്‍ രുദ്രയുടെ ചരമവാര്‍ഷികമായ ഇന്നലെ ഇതൊക്കെയായിരുന്നു ആ അച്ഛനമ്മമാരുടെ ആഗ്രഹങ്ങള്‍.
കൂലിപ്പണിയില്‍ നിന്ന് മിച്ചംപിടിച്ച ഇത്തിരി പണവും ഇതിനായി സുരേഷ് ബാബു കരുതിവച്ചു. പക്ഷേ തീരാവേദനയുടെ ആ ദിനത്തില്‍ കോടതിയില്‍ എത്താനുള്ള സമന്‍സാണ് കുടുംബത്തെ തേടിയെത്തിയത്. രുദ്രയുടെ മരണം ഡോക്ടര്‍മാരുടെ വീഴ്ചമൂലമായിരുന്നെന്ന പരാതിയുമായി സുരേഷ് ബാബുവും ഭാര്യയും മുട്ടാത്ത വാതിലുകളില്ലായിരുന്നു. നീതി നിഷേധിക്കപ്പെട്ടതോടെ അവര്‍ മൂത്തമകള്‍ ദുര്‍ഗ(മൂന്ന്)യെയും കൂട്ടി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമിരുന്നു.
മകള്‍ക്ക് നീതി തേടിയുള്ള മാതൃത്വത്തിന്റെ അലമുറ കേട്ടില്ലെങ്കിലും പിഞ്ചുകുഞ്ഞിനെ സമരവേദിയിലെത്തിച്ച കുറ്റം സര്‍ക്കാരിന്റെ നീതിബോധമുണര്‍ത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ടനുസരിച്ച് പോലീസ് സുരേഷ് ബാബുവിനും രമ്യയ്‌ക്കുമെതിരെ കേസെടുത്തു. രുദ്രയുടെ ചരമവാര്‍ഷിക ദിനമായ ഇന്നലെ അവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവുമുണ്ടായി.
ഭാര്യയ്‌ക്കും മകള്‍ക്കുമൊപ്പം കോടതിയില്‍ പോകാനിറങ്ങിയ സുരേഷ് ബാബു തളര്‍ന്നുവീണു. സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമ്യ മകളുടെ ആത്മാവിന്റെ മോക്ഷത്തിന് ചെയ്യാനുറച്ച കര്‍മങ്ങള്‍ക്ക് കരുതി വച്ച പണവുമായി വക്കീലിനെ തേടിയിറങ്ങി. കോടതിയില്‍ അവധിക്ക് അപേക്ഷ നല്‍കി മടങ്ങി. അച്ഛനും അമ്മയും സമരത്തിന് ഇറങ്ങിത്തിരിച്ചപ്പോള്‍ എട്ടുംപൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞിനെ എവിടെ സൂക്ഷിക്കണമായിരുന്നെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണം.
പത്തുദിവസത്തിനുള്ളില്‍ രുദ്രയ്‌ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പു നല്‍കിയ മുഖ്യമന്ത്രി ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും പാലിച്ചില്ല. കുട്ടിയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇതേവരെ ആരോഗ്യവകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല. നൂറുകൂട്ടം ചോദ്യങ്ങളുണ്ട് ഈ അച്ഛനമ്മമാര്‍ക്ക്. ഇരയുടെ വേദനയെക്കാള്‍ വേട്ടക്കാരുടെ സംരക്ഷണമാണ് സര്‍ക്കാരിന് താത്പര്യമെന്ന് സുരേഷ് ബാബു പറയുന്നു.
തൊലിപ്പുറത്തുണ്ടായ നിറവ്യത്യാസത്തിന് ചികിത്സ തേടിയാണ് 2016 ജൂണില്‍ സുരേഷ് ബാബുവും രമ്യയും രുദ്രയെ എസ്എടിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ 10 ന് വെള്ളത്തുണിയില്‍ പൊതിഞ്ഞുകെട്ടിയ രുദ്രയുടെ മൃതശരീരമായിരുന്നു ആശുപത്രിയില്‍ നിന്ന് ഇവര്‍ക്ക് തിരിച്ചുകിട്ടിയത്. പോഷകാഹാര കുറവുമൂലമാണ് മരണമെന്ന് ആശുപത്രിവൃത്തങ്ങളും ന്യുമോണിയയാണ് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും.
ഈ വ്യത്യസ്തതകള്‍ ആശുപത്രി അധികൃതരുടെ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നാലുമാസം പ്രായമുള്ള മകളുടെ മരണത്തിലെ ദുരൂഹത കണ്ടെത്താനുള്ള ശ്രമത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
സമരത്തിന് മകളുമായി എത്തിയതിന് കേസെടുക്കാന്‍ കാണിച്ച അമിതാവേശത്തിന്റെ ഒരല്പം മതിയായിരുന്നു ഇവര്‍ക്ക് നീതി നേടിക്കൊടുക്കാന്‍. ആശുപത്രിയിലും വക്കീലാഫീസിലുമായി മകളുടെ ഓര്‍മദിനം കരഞ്ഞുതീര്‍ത്ത വിങ്ങലിലാണ് ഈ കുടുംബം. വാവയ്‌ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ അമ്പലത്തില്‍ പോകാനാകാത്ത സങ്കടം ദുര്‍ഗയുടെ മുഖത്തുമുണ്ട്. രുദ്രയുടെ ഓര്‍മകളില്‍ വിതുമ്പുന്ന കുടുംബം ഇന്നലെ നാടിന്റെയും സങ്കടക്കാഴ്ചയായി.
















