നിര്‍മ്മാണങ്ങളിലെ അപാകത അന്വേഷിക്കാന്‍ ഉത്തരവ്
ആലപ്പുഴ: ജില്ലയിലെ പൊതുമരാമത്ത് കെട്ടിട നിര്‍മ്മാണങ്ങളിലെ അപാകതകള്‍ അന്വേഷിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് പുനര്‍ നിര്‍മ്മാണത്തില്‍ പാകപ്പിഴകള്‍ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തോട് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവ് നല്‍കിയതായി മന്ത്രി പറഞ്ഞു. ഗവ. ഗസ്റ്റ് ഹൗസ് പുനര്‍നിര്‍മ്മാണത്തിനിടയില്‍ മേല്‍ക്കൂര തകര്‍ന്ന് വെള്ളം വീഴുന്നത് മന്ത്രി നേരില്‍ കണ്ട് വിലയിരുത്തി.
ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ഉദ്ഘാടനം ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും പൊതുമരാമത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയായതായി കാണുന്നില്ല. 14 പ്രധാനപ്പെട്ട പ്രവൃത്തികളില്‍ 9 എണ്ണം ഇനിയും ആരംഭിച്ചിട്ടില്ല. 4 പ്രവൃത്തികള്‍ മാത്രമാണ് തുടങ്ങാനായത്. സൈറ്റില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ദൈനംദിനം പരിശോധനകള്‍ നടത്തുന്നില്ലായെന്ന് നേരിട്ട് ബോദ്ധ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.
ആലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്മാരക സ്‌കൂളിലെ നിര്‍മ്മാണത്തിലെ അധിക ചെലവ് കാരണം ആലപ്പുഴ കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സ്ഥലം മാറ്റി അന്വേഷണം നടക്കുന്നു. ജില്ലയിലെ എല്ലാ പൊതുമരാമത്ത് കെട്ടിട നിര്‍മ്മാണങ്ങളെപ്പറ്റിയും സര്‍ക്കാര്‍ അന്വേഷിച്ച് വരികയാണ്. എല്ലാ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളും മാതൃകാ നിലവാരത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നും സുധാകരന്‍ അറിയിച്ചു.
















