കൊല്ലം: വൈദേശികമായ എല്ലാ മതസംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളാനും ആധുനികകാലത്തും ഭാരതസംസ്‌കാരം മുറുകെപ്പിടിക്കാനും രാജ്യത്തിന് സാധിച്ചത് നൈരന്തര്യം കൊണ്ടാണെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബുപോള്‍. ബാലഗോകുലം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സംസ്‌കാരം ഹിന്ദുമതത്തില്‍ അധിഷ്ഠിതമാണ്. ക്രിസ്തുമതം പോലെയോ ഇസ്ലാം മതം പോലെയോ അല്ല അത്. വിയോജിക്കുന്നവര്‍ക്ക് മറ്റ് മതങ്ങളില്‍ പിടിച്ചുനില്‍ക്കാനാവില്ല. എന്നാല്‍ തള്ളിപ്പറയുന്നവരെ പോലും ഹിന്ദുമതം ഉള്‍ക്കൊള്ളുന്നു. അത് ശ്രേഷ്ഠതയുടെ അടയാളമാണ്. മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നത് മറ്റ് മതങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കളില്‍ തുലോം കുറവാണ്.
ലോകമാതൃകയായ ഭഗവാന്‍ ശ്രീകൃഷ്ണനെ മുന്‍നിര്‍ത്തി ബാലഗോകുലം നിര്‍വഹിക്കുന്നത് അധ്യാപകരുടെയും ആചാര്യന്മാരുടെയും പങ്കാണെന്ന് ബാബു പോള്‍ പറഞ്ഞു. കുരുന്നുമനസ്സില്‍ സംസ്‌കാരവും പാരസ്പര്യവും പതിയുന്നത് അവരെ മാതൃകാപൗരന്മാരാക്കി വളര്‍ത്താന്‍ സഹായിക്കും. കുട്ടികളുടെ കഴിവുകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുകയും അവരുടെ വിജ്ഞാനതൃഷ്ണയെ ഉണര്‍ത്തുകയും അറിവുകള്‍ തേടാന്‍ താല്‍പര്യം ജനിപ്പിക്കാനും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി.ബാബുരാജ് ആധ്യക്ഷംവഹിച്ചു. സംസ്ഥാന പൊതുകാര്യദര്‍ശി ആര്‍.പ്രസന്നകുമാര്‍, സംസ്ഥാനസമിതി അംഗം സി.സി.സെല്‍വന്‍, പൊയിലക്കട രാജന്‍ നായര്‍, സ്വാഗതസംഘം കണ്‍വീനര്‍ വി.മുരളീധരന്‍, കൊല്ലം മഹാനഗരം കാര്യദര്‍ശി പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















