ഭുവനേശ്വര്‍: 23-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ 2019 ജൂലൈയില്‍ നടക്കുമെന്ന് എഎഫ്‌ഐ സെക്രട്ടറി ജനറല്‍ സി.കെ. വത്സന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 44 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും മികച്ച രീതിയില്‍ സംഘടിപ്പിച്ച മീറ്റാണ് ഭുവനേശ്വറിലേത്. സംസ്ഥാന സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയും കൂടി ആയപ്പോള്‍ കാര്യങ്ങള്‍ അതിഗംഭീരമായി. മികച്ച രീതിയില്‍ മീറ്റ് സംഘടിപ്പിച്ചതില്‍ അന്താരാഷ്്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ അടക്കമുള്ളവര്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ വേട്ടയാണ് കലിംഗ സ്‌റ്റേഡിയത്തില്‍ നടന്നതെന്നും വത്സന്‍ കൂട്ടിച്ചേര്‍ത്തു. പാലസ്തീന്‍, ബ്രൂണെ, ബഹ്‌റിന്‍ എന്നിവയൊഴികെയുളള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ ഭുവനേശ്വറില്‍ ഒത്തുകൂടി. 652 അത്‌ലറ്റുകളാണ് പങ്കെടുത്തതെന്നും എഎഫ്‌ഐ അറിയിച്ചു.
















