കാസര്‍കോട്: ഹൈന്ദവ ഭവനങ്ങളിലേക്ക് തപാല്‍ വഴി ഇസ്ലാം ലഘുലേഖകള്‍ അയയ്‌ക്കുന്നത് വ്യാപകമാകുന്നു. കാസര്‍കോട് ജില്ലയിലെ യുവാക്കളുടെ വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തപാല്‍മാര്‍ഗം ഇസ്ലാം ആശയ പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലഘുലേഖകള്‍ ലഭിച്ചത്.
ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും വ്രണപ്പെടുത്തുന്ന രീതിയിലുള്ള എഴുത്തുകളാണ് ലഘുലേഖകളില്‍ അടങ്ങിയിട്ടുള്ളത്. മനുഷ്യന്റെ കര്‍മ്മരേഖയെന്ന തലക്കെട്ടിലുള്ള പേജില്‍ ദേശീയതയെ പിശാചിന്റെ കാല്‍പ്പാടുകളെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ ഹൃദയത്തിന്റെ ഭാഷയിലുള്ള ഖുര്‍ആനിന്റെ അംശം കൊണ്ടു മാത്രമേ പിശാചിന്റെ കാല്‍പ്പാടുകള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യം നിറവേറ്റപ്പെടുകയുള്ളുവെന്നും പറയുന്നു. ഖുര്‍ആനിന്റെ ആത്മാവെന്ന പുസ്തകം വായിക്കാന്‍ ആവശ്യപ്പെടുന്നുമുണ്ട്.
മലപ്പുറത്തെ മഞ്ചേരിയിലുള്ള സ്‌ട്രെയിറ്റ് പാത്ത് എന്ന ഓഫീസ് വിലാസത്തില്‍ നിന്നാണ് ലഘുലേഖകള്‍ അയച്ചത്. മേല്‍വിലാസം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള കവറുകളിലാണിത്. മലപ്പുറത്തുള്ള ഒരു സ്ഥാപനത്തിന് കാസര്‍കോട് ജില്ലയിലെ ഗ്രാമത്തിലുള്ള ചെറുപ്പക്കാരുടെ ഇത്രയും കൃത്യമായ വിവരങ്ങള്‍ ലഭിച്ചത് പോലീസിനെയും ഞെട്ടിച്ചു. ലഘുലേഖ ലഭിച്ചവര്‍ പോലീസില്‍ പരാതി നല്‍കി.
ജില്ല കേന്ദ്രീകരിച്ചുള്ള മതംമാറ്റ സംഭവങ്ങളില്‍ ഈ സ്ഥാപനത്തിനുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ലഘുലേഖകളെ സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങി.
















