ആലപ്പുഴ: ലോക ബാങ്ക് ഉദ്യോഗസ്ഥനെതിരായ പരാമര്‍ശത്തില്‍ താന്‍ അന്തസ്സായി മാപ്പു പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. സംസ്ഥാനത്തിന് ലോക ബാങ്ക് സഹായം നിഷേധിക്കുമോ എന്ന കാര്യം തനിക്കറിയില്ല. മുഖ്യമന്ത്രിയെ വെറുതെ വിഷയത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല, സുധാകരന്‍ പറഞ്ഞു.
ലോക ബാങ്ക് ഉന്നത ഉദ്യോഗസ്ഥനെ സുധാകരന്‍ വംശീയമായി അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ലോക ബാങ്ക് ഉന്നതര്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് ലോക ബാങ്കിന്റെ ടീം ലീഡര്‍ ബെര്‍ണാഡ് അരിട്വയ്‌ക്കെതിരെ സുധാകരന്‍ വംശീയാധിക്ഷേപം നടത്തിയത്.
കേരള ഹൈക്കോടതിയുടെ കെട്ടിടം നിര്‍മ്മിച്ചതിലെ അപാകത പൊതുമരാമത്ത് വകുപ്പ് അന്വേഷിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ചീഫ് എന്‍ജിനീയര്‍മാരില്‍ നിന്ന് വിശദീകരണം തേടും. ശേഷമാകും തുടര്‍ നടപടി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറെന്നും അദ്ദേഹം പറഞ്ഞു.
















