തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ സിപിഎം സര്‍ക്കാര്‍ഭൂമി കൈയേറുന്നുവെന്നതും വനനശീകരണം നടത്തുന്നുവെന്നതും അടിസ്ഥാനരഹിതമായ പ്രചരണമാണെന്നു വൈദ്യുതി മന്ത്രി എം.എം. മണി.
അമ്പതു വര്‍ഷമായി സിപിഎം റവന്യൂ, വനം വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസ്സോ ഘടകകക്ഷികളോ ആണ് വനം, റവന്യൂ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ളത്.
എല്‍ഡിഎഫ് ഭരണകാലത്തും മുന്നണിയിലെ ഘടകക്ഷികളാണ് ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. വസ്തുത ഇതാണെന്നിരിക്കെ ഈ കാലയളവില്‍ നടന്ന ഭൂമി കൈയേറ്റത്തിന്റെയും അനധികൃത റിസോര്‍ട്ട് നിര്‍മാണത്തിന്റെയും പിതൃത്വം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ നോക്കേണ്ട.
കാലാകാലമായി വകുപ്പ് കൈകാര്യം ചെയ്ത് കൈയേറ്റത്തിന് ചൂട്ടുപിടിച്ച പാര്‍ട്ടികളും ഗ്രൂപ്പുകളും തന്നെ ഇതിന്റെ പിതൃത്വം ഏറ്റെടുത്താല്‍ മതി. വസ്തുതകള്‍ മറച്ചുവച്ച് സിപിഎമ്മിനെതിരെ അപവാദപ്രചരണം നടത്തുന്നത് ശരിയായ നിലയില്‍ പറഞ്ഞാല്‍ ശുദ്ധ തട്ടിപ്പാണെന്നും എംഎം മണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.ഇടുക്കിയിലെ കൈയേറ്റത്തിനുത്തരവാദിത്വം സിപിഐയ്‌ക്കാണെന്ന് വ്യക്തമാക്കിയാണ് മണിയുടെ പരാമര്‍ശം. റവന്യൂവകുപ്പ് കയ്യാളിയിരുന്ന സിപിഐയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് വ്യക്തമാക്കിയാണ് മണിയുടെ പോസ്റ്റ്.
















