തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പേരില്‍ ‘അമ്മ’ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിന് എതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം. വനിതാ കമ്മീഷന്‍ ആണ് അന്വേഷണം നടത്തുക. ഇന്നസെന്റിന്റെ പരാമര്‍ശം അപലപനീയമാണെന്ന് വനിതാ കമ്മിഷന്‍ പറഞ്ഞു.
വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍ കമ്മീഷന്‍ ഡയറക്ടര്‍ എ.യു. കുര്യാക്കോസിന് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. നടിയെ ആക്രമിച്ച സംഭവത്തില്‍, നടിക്ക് എതിരായത് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ക്ക് ഒപ്പമാകും ഇന്നസെന്റിന്റെ പരാമര്‍ശവും അന്വേഷിക്കുന്നതെന്ന് എ.യു. കുര്യാക്കോസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിന്റെ ക്ലിപ്പിങ്ങുകള്‍ ഉള്‍പ്പെടെ ശേഖരിച്ചാകും അന്വേഷണം നടക്കുക.
സിനിമയിലെ ‘കാസ്റ്റിങ് കൗച്ച്’ വിവാദത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും ഇപ്പോഴില്ലെന്നും മോശം സ്ത്രീകള്‍ കിടക്ക പങ്കിടുന്നുണ്ടാകാമെന്നുമാണ് ഇന്നസെന്റ് പറഞ്ഞത്.
















