സ്വര്‍ണ ചിത്രം… ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 1500 മീറ്ററില്‍ ഇന്ത്യയുടെ മലയാളി താരം പി.യു. ചിത്ര സ്വര്‍ണത്തിലേക്ക് കുതിക്കുന്നു- അനില്‍ ഗോപി
ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ അഭിമാനമായി മൂന്ന് മലയാളികള്‍. പുരുഷന്മാരുടെ 400 മീറ്ററില്‍ സ്വര്‍ണ്ണം നേടി കൊല്ലം സ്വദേശി മുഹമ്മദ് അനസും വനിതകളുടെ 1500 മീറ്ററില്‍ ഒന്നാമതെത്തി പാലക്കാട് മുണ്ടൂര്‍ സ്വദേശി പി.യു. ചിത്രയുമാണ് രാജ്യത്തിന്റെ അഭിമാനമായത്.
വനിതകളുടെ 400 മീറ്ററില്‍ വെങ്കലം നേടി പി.ടി. ഉഷയുടെ ശിഷ്യ ജിസ്‌നയും തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു. മൂന്നുപേരുടെയും ആദ്യ ഏഷ്യന്‍ മീറ്റാണിത്. 400 മീറ്ററില്‍ 45.77 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് മുഹമ്മദ് അനസ് പൊന്നണിഞ്ഞത്. 1500 മീറ്ററില്‍ 4:17.92 സെക്കന്റിലാണ് ചിത്ര ഫിനിഷ് ലൈന്‍ കടന്നത്. വനിതാ 400 മീറ്ററില്‍ 53.32 സെക്കന്‍ഡില്‍ ഒാടിയെത്തിയാണ് ജിസ്‌ന വെങ്കലം നേടിയത്.
















