പുരുഷന്മാരുടെ ഡിസ്‌ക്കസ് ത്രോയില്‍ ഇന്ത്യയുടെ അഭിമാനമായ വികാസ് ഗൗഡ വിരമിക്കാനൊരുങ്ങുന്നു.ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക്ക് സ്വര്‍ണ്ണം പ്രതീക്ഷിച്ചെത്തിയ വികാസിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുളള അവസരം നഷ്ടമായി. ഇതിനു പിന്നാലെയാണ് കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തിയത്. അടുത്ത വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം കരിയര്‍ അവസാനിപ്പിക്കാനാണ് തീരുമാനം.
2005ന് ശേഷം ഇതാദ്യമായാണ് വികാസിന് ലോക ചാമ്പ്യന്‍ഷിപ്പ് നഷ്ടമാവുന്നത്. 2004ലെ ഏഥന്‍സ് ഒളിമ്പിക്‌സിന് ശേഷം തുടര്‍ച്ചയായ നാലു ഒളിമ്പിക്‌സുകളില്‍ പങ്കെടുത്തു. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടി മില്‍ഖ സിങിന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി.
2016 റിയോ ഒളിമ്പിക്‌സ് മുതല്‍ പിന്നീടിങ്ങോട്ട് കാര്യമായ പ്രകടനമില്ല, 2012ലെ 66.82 മീറ്റര്‍ ദൂരമാണ് മികച്ച വ്യക്തിഗത പ്രകടനവും ദേശീയ റെക്കോഡും. സ്വദേശം മൈസൂരാണെങ്കിലും പരിശീലനത്തിനും മറ്റുമായി അമേരിക്കയിലാണ് താമസം.
















