തൃശൂര്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സുപ്രീംകോടതി നിര്‍ദ്ദേശം ഫലത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരം കൂടിയാണ്. ജിഷ്ണുപ്രണോയ് കേസ് സിബിഐ അന്വേഷണം തുടങ്ങാനിരിക്കെയാണ് കോടതി നിര്‍ദ്ദേശം. കേസിന്റെ ആരംഭം മുതല്‍ സര്‍ക്കാര്‍ നിലപാട് പ്രതിഭാഗത്തിന് അനുകൂലമാണെന്ന ആക്ഷേപമുണ്ട്.
കൃഷ്ണദാസ് കേരളത്തിലെത്തിയാല്‍ കേസന്വേഷണത്തെ സ്വാധീനിക്കുമെന്നും അട്ടിമറിക്കുമെന്നുമുള്ള ആശങ്കയാണ് സുപ്രീംകോടതി പ്രകടിപ്പിച്ചത്. കേസ് സിബിഐക്ക് വിട്ടതോടെ കൂടുതല്‍ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയിലാണ് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍. എന്നാല്‍ സംഭവം കഴിഞ്ഞ് ഏഴുമാസം പിന്നിട്ടതിനാല്‍ തെളിവുകളും മറ്റും നഷ്ടപ്പെടാനിടയുണ്ടെന്നും സിബിഐ അന്വേഷണത്തെ ഇത് ബാധിക്കുമെന്നും കരുതുന്നുണ്ട്.
സംസ്ഥാനത്ത് സ്വാശ്രയവിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമാണ് കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള നെഹ്‌റുഗ്രൂപ്പ്.
നിരവധി എഞ്ചിനീയറിങ്ങ് കോളേജുകളും ഒറ്റപ്പാലത്തെ പികെദാസ് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജും ഗ്രൂപ്പിന്റേതാണ്. കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികളിലെ പ്രമുഖ നേതാക്കള്‍ക്ക് കൃഷ്ണദാസുമായി അടുത്ത ബന്ധമാണുള്ളത്. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ കഴിഞ്ഞദിവസം നെഹ്‌റുഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റൊരു പരാതി ഒത്തുതീര്‍പ്പാക്കാന്‍ അര്‍ദ്ധരാത്രി എത്തിയത് വിവാദമായിരുന്നു.
സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ.ബാലന്റെ ഭാര്യ ഡോ.ജമീല കൃഷ്ണദാസിന്റെ പി.കെ.ദാസ് മെഡിക്കല്‍ കോളേജില്‍ സൂപ്രണ്ടായിരുന്നു. ജിഷ്ണുകേസ് വിവാദമായതിനെത്തുടര്‍ന്ന് ഇവര്‍ രാജിവെക്കുകയായിരുന്നു.
കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള പാമ്പാടി നെഹ്‌റുകോളേജില്‍ കഴിഞ്ഞ ജനുവരി ആറിനാണ് ജിഷ്ണുപ്രണോയ് എന്ന ബിടെക് വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
കൃഷ്ണദാസിനും കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലിനും പിആര്‍ഒ സഞ്ജിത് വിശ്വനാഥനുമെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുത്തെങ്കിലും ഈ അന്വേഷണവും തൃപ്തികരമായിരുന്നില്ല. കോപ്പിയടിച്ചത് പിടിച്ചതിലുള്ള മനോവിഷമം മൂലം ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന കോളേജിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞിട്ടും പോലീസ് അനങ്ങിയില്ല. വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്ന് രക്തക്കറ കണ്ടെടുത്തിട്ടും ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് കൂട്ടുകാര്‍ വെളിപ്പെടുത്തിയിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണാന്‍ പോയ ജിഷ്ണുവിന്റെ മാതാവ് മഹിജ, അച്ഛന്‍ അശോകന്‍, അമ്മാവന്‍ ശ്രീജിത്ത് എന്നിവരെയും കൂടെയുണ്ടായിരുന്നവരെയും പോലീസ് ക്രൂരമായി നേരിടുകയും ചെയ്തു. ഇക്കാര്യങ്ങളൊക്കെ സര്‍ക്കാര്‍ പ്രതിഭാഗത്തിനൊപ്പമാണ് എന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. ഇന്നലത്തെ സുപ്രീംകോടതി ഉത്തരവ് ഈ സാഹചര്യത്തില്‍ പ്രസക്തമാണ്.
















