കോഴിക്കോട്: എച്ച്‌ഐവി ബാധിതനെന്ന് തെറ്റായ പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയ സ്വകാര്യലാബിനെതിരെ ജില്ലാ കളക്ടര്‍ക്കും ഡിഎംഒയ്‌ക്കും പരാതി. ഹീമോഫീലിയ ബാധിച്ച് ചികിത്സയിലുള്ള യുവാവ് എച്ച്‌ഐവി ബാധിതനാണെന്നാണ് സ്വകാര്യ ലാബ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കുമെന്ന് പിതാവ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് പ്രവര്‍ത്തിക്കുന്ന ആലിയ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടിലാണ് മലപ്പുറം പൊന്മള കറുപ്പിന്‍പടി ദേശം അന്‍വര്‍ സാദത്തിന്റെ മകന്‍ അര്‍ഷുദ്ധീന്റെ രക്തം എച്ച്‌ഐവി പോസറ്റീവാണെന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രക്ത പരിശോധനക്ക് നല്‍കിയത്.
പരിശോധനാഫലം ലഭിച്ചതോടെ പരിഭ്രാന്തരായ പിതാവും ബന്ധുക്കളും ഡോക്ടറെ കണ്ടപ്പോള്‍ മറ്റൊരു ലാബില്‍ കൂടി രക്തം പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ലാബുകളില്‍ രക്തം പരിശോധിച്ചപ്പോള്‍ എച്ച്‌ഐവി നെഗറ്റീവാണെന്ന് കണ്ടെത്തി. കല്‍പ്പണിക്കാരനാണ് അന്‍വര്‍ സാദത്ത്. അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍ക്കും 17 വര്‍ഷമായി ഹീമോഫീലിയ രോഗമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സിച്ച് വരുന്നത്. രോഗം മൂര്‍ഛിക്കുമ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മക്കളായ അര്‍ഷുദ്ധീന്‍, അസറുദ്ധീന്‍, അര്‍ശാദ് എന്നിവരുടെ രോഗം കാരണം പലപ്പോഴും ജോലിക്ക് പോലും പോകാന്‍ കഴിയാറില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് അര്‍ഷുദ്ധീനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.
അഡ്മിറ്റ് ചെയ്തതിന് ശേഷം രക്ത പരിശോധനക്ക് വേണ്ടി തൊട്ടടുത്ത ആലിയ ലാബില്‍ രക്തസാമ്പിള്‍ നല്‍കുകയായിരുന്നു. എച്ച്‌ഐവിയുടെ കൂടിയ അളവായ 5.32 ആണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. മെഡിക്കല്‍ കോളേജിലെ ലാബ് അടച്ചതിനാല്‍ സ്വകാര്യലാബിലാണ് രക്തം പരിശോധിച്ചത്. എച്ച്.ഐ.വി പോസിറ്റീവ് എന്ന ഫലമാണ് അവര്‍ നല്‍കിയത്. ഇയാളുടെ ദേഹത്ത് സിറിഞ്ച് കുത്തുന്നതിനിടയില്‍ പുരുഷനഴ്‌സിന്റെ കൈയില്‍ അബദ്ധത്തില്‍ സൂചി കൊണ്ടു മുറിവുണ്ടായിരുന്നു.
ഫലം കണ്ട നഴ്‌സ് ആശങ്കയിലാകുകയും ഇതോടെ ഡോക്ടര്‍ വീണ്ടും യുവാവിന്റെ രക്തപരിശോധനയ്‌ക്ക് നിര്‍ദ്ദേശിക്കുകയുമായിരുന്നുവെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. മറ്റൊരു സ്വകാര്യലാബില്‍ പരിശോധിച്ചപ്പോള്‍ എച്ച്‌ഐവി നെഗറ്റീവാണെന്നായിരുന്നു ഫലം. എച്ച്‌ഐവി പോസറ്റീവാണെന്ന റിപ്പോര്‍ട്ട് തന്നെയും കുടുംബത്തെയും വല്ലാതെ തളര്‍ത്തിയിരുന്നു. ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് പരാതി നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗൗരവമേറിയ പരിശോധന ലാഘവത്തോടും ഉത്തരവാദിത്തമില്ലാതെയും ചെയ്ത ലാബിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ലാബ് അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ സാങ്കേതിക തകരാറുമൂലമാണ് പിഴവ് ഉണ്ടായതെന്നാണ് ഇവരുടെ അവകാശവാദം.
















