കളമശ്ശേരി: ബിഎഡ്, എംഎഡ് പോലുള്ള അദ്ധ്യാപക പരിശീലന സ്ഥാപനങ്ങള്‍ക്ക് നിലവാര പരിശോധന ഉറപ്പാക്കുമെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ (എന്‍സിടിഇ) ചെയര്‍മാന്‍ സന്തോഷ് മാത്യു പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന് മുന്നോടിയായി ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകരുടെ മേഖലാ യോഗങ്ങള്‍ നടക്കുകയാണ്. ബീഹാര്‍, മഹാരാഷ്‌ട്ര, കൊച്ചി എന്നിവിടങ്ങളില്‍ നടന്നു കഴിഞ്ഞു. കൊച്ചിയില്‍ കുസാറ്റില്‍ നടന്ന യോഗത്തില്‍ കര്‍ണാടക, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ അധ്യാപകരാണ് പങ്കെടുത്തത്.
നിലവാര പരിശോധനയില്‍ ഭൗതിക ആസ്തിക്ക് 10 മാര്‍ക്കും അക്കാദമിക ആസ്തിക്ക് 20 മാര്‍ക്കും, അദ്ധ്യയന, അദ്ധ്യാപന മേന്മക്ക് 30 മാര്‍ക്കും വിദ്യാര്‍ത്ഥികളുടെ പഠന മികവിന് 40 മാര്‍ക്കുമാണുള്ളത്. പരിശോധന പൂര്‍ണ്ണമായും ഡിജിറ്റല്‍ സങ്കേതങ്ങളുപയോഗിച്ചായിരിക്കും. 2018 മാര്‍ച്ചോടെ നിലവാര പരിശോധന പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
സ്ഥാപനങ്ങള്‍ക്ക് നിലവാരം ഉയരുന്നതോടെ ഉന്നത നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികളെ ലഭിക്കുകയും വിദ്യാഭ്യാസ നിലവാരം കൂടുകയും ചെയ്യും. എന്‍സിടിഇ അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ്. ഇത്തരം നിലവാര പരിശോധന പൂര്‍ത്തിയാക്കുന്നതോടെ എന്‍സിടിഇ അംഗീകാരമില്ലാത്തവ സ്വാഭാവികമായും പൂട്ടി പോകേണ്ട അവസ്ഥ വരുമെന്ന് അദ്ദേഹം പറഞ്ഞു. മെമ്പര്‍ സെക്രട്ടറി സഞ്ജയ് അവസ്ഥിയും വാര്‍ത്താസമ്മേളനത്തിനുണ്ടായിരുന്നു.
പരിശോധനയില്‍ ലഭിക്കുന്ന മാര്‍ക്കനുസരിച്ച് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ എ, ബി, സി ക്രമത്തില്‍ നാലായി തരംതിരിക്കും. ഡി വിഭാഗത്തെ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സി വിഭാഗത്തിന് എ യൊ ബിയൊ ആവാന്‍ രണ്ടാമതൊരവസരം കൂടി നല്‍കും. ഏറ്റവും മികച്ച സ്ഥാപനത്തിന് മാത്രമെ എ ഗ്രേഡ് ലഭിക്കുകയുള്ളൂവെന്നും സന്തോഷ് മാത്യു പറഞ്ഞു.
















