ദ്യുതിയുടെ പണി പൂര്‍ത്തിയാകാത്ത വീട് സമീപം അച്ഛന്‍ ചക്രധാര്‍
ഭുവനേശ്വര്‍: സ്വന്തം വീട്ടുമുറ്റത്തെത്തിയ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദ് ട്രാക്കിലിറങ്ങിയപ്പോള്‍ അച്ഛന്‍ ചക്രധാര്‍ മാത്രം സ്‌റ്റേഡിയത്തിലെത്തിയില്ല. എങ്കിലും അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ള മറ്റുള്ളവരെല്ലാം കലിംഗ സ്‌റ്റേഡിയത്തില്‍ മത്സരം കാണാനെത്തിയിരുന്നു.
പശുക്കളെ പരിചരിക്കാനുള്ളതിനാല്‍ വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറ്റാത്തതുകൊണ്ടാണ് ദ്യുതിയുടെ അച്ഛന്‍ സ്‌റ്റേഡിയത്തിലെത്താതിരുന്നത്. കഴിഞ്ഞ വര്‍ഷം ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ മകളുടെ മെഡല്‍നേട്ടത്തിന് സാക്ഷം വഹിക്കാന്‍ അച്ഛനും അമ്മ അക്കൂജിയും എത്തിയിരുന്നു.
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് രണ്ട് മണിക്കൂറിലേറെ യാത്ര ചെയ്താലേ ദ്യുതിയുടെ ഗ്രാമമായ ഗോപാല്‍പൂറിലെത്താന്‍ കഴിയൂ. പാരമ്പര്യമായി നെയ്‌ത്തുകാരാണ് ദ്യുതിയുടെ കുടുംബം. ഒരു ദിവസം മുഴുവന്‍ നെയ്താല്‍ കിട്ടുന്നത് വെറും പത്ത് രൂപയാണ്. മൂത്തമകളും മുന്‍ ഇന്ത്യന്‍ സ്പ്രിന്റ് താരവുമായ സരസ്വതി ചന്ദും പിന്നീട് ദ്യുതിയും സ്വന്തമായി വരുമാനം കണ്ടത്തെിയതോടെ കുടുംബം ദാരിദ്ര്യത്തില്‍ നിന്ന് അല്പമെങ്കിലും കരകയറി വരികയാണ്. ബ്ലേഡ് പലിശക്കുവരെ പണം കടംവാങ്ങിയാണ് ഈ അച്ഛന്‍ മക്കളുടെ പരിശീലനത്തിനും മറ്റുമുള്ള പണം കണ്ടെത്തിയിരുന്നത്. ആ കടങ്ങളൊന്നും ഇപ്പോഴും തീര്‍ന്നിട്ടില്ല. മകള്‍ ഇന്ത്യയുടെ സ്പ്രിന്റ് റാണിയായി മാറിയെങ്കിലും പഴയ കണക്കുമായി പലിശക്കാരന്‍ ഇപ്പോഴും വരാറുണ്ട്. ഈ കടം മക്കള്‍ വീട്ടികൊണ്ടിരിക്കുകയാണ്.
മക്കള്‍ വരുമാനമുണ്ടാക്കിത്തുടങ്ങിയതോടെ പഴയ പുല്ലുമേഞ്ഞ മണ്‍കട്ട വീടിന് പകരം ഒരു ഇരുനില വീട് ഉയര്‍ന്നുവരികയാണ്. എങ്കിലും പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഈ ഗ്രാമത്തിലെ ഏക ആഡംബരവീട്’ഇതായി മാറും.
എന്നാല്‍ രാജ്യം അറിയപ്പെടുന്ന താരത്തിന്റെ വീട്ടിലേക്ക് നല്ലൊരു റോഡ്‌പോലുമില്ല. പകരം ഒരു ഇടവഴിമാത്രമാണുള്ളത്. കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പൊക്കത്തില്‍ റോഡ് തകര്‍ന്നതോടെ യാത്ര ദുഷ്‌കവമാണ്. ദ്യുതിയുടെ നാനോ കാറും ഗ്രാമത്തിന് അപൂര്‍വ കാഴ്ചയാണ്. എന്നാല്‍ വീടിനടുത്തായി നിര്‍ത്തിയിട്ട കാര്‍ അടുത്തിടെ ദുരൂഹമായി കത്തിനശിച്ചിരുന്നു.
ശരീരത്തില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അധികമായതിന്റെ പേരില്‍ വിലക്കു നേരിട്ട ദ്യുതിക്ക് അന്താരാഷ്‌ട്ര കായിക തര്‍ക്കപരിഹാര കോടതി നല്‍കിയ ഇളവ് ഈ മാസം 27ന് അവസാനിക്കുകയാണ്. ദ്യുതിക്കെതിരെ കോടതിയില്‍ പുതിയ തെളിവ് ഹാജരാക്കുവാന്‍ ഒരുങ്ങുകയാണ് അന്താരാഷ്‌ട്ര അത്‌ലറ്റിക് ഫെഡറേഷന്‍. ഈ വാര്‍ത്ത ഗ്രാമവാസികളെ നിരാശയിലാക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാ എതിര്‍പ്പുകളും വെല്ലുവിളികളും അതിജീവിച്ച് തങ്ങളുടെ പ്രിയപ്പെട്ട ദ്യുതി മികച്ച പ്രകടനം നടത്തുമെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. ഹോര്‍മോണ്‍ കൂടുമ്പോള്‍ പ്രകടനം മെച്ചപ്പെടുമെന്ന അത്‌ലറ്റിക് ഫെഡറേഷന്റെ വാദം ശരിയാണെങ്കില്‍ റിയോ ഒളിമ്പിക്‌സില്‍ ദ്യുതി എങ്ങനെ പിന്നിലായെന്ന് അമ്മാവന്‍ ദശരഥ് ചന്ദ് ചോദിക്കുന്നു.
ദേശീയ-രാജ്യാന്തര മീറ്റുകളില്‍ നിരവധി മെഡലുകള്‍ ദ്യുതിനേടിയിട്ടുണ്ട് ഈ 21കാരി. ഈ വര്‍ഷം കസാക്കിസ്ഥാനിലെ കൊസാനോവ് മെമ്മോറിയല്‍ അത്‌ലറ്റിക് മീറ്റില്‍ നൂറു മീറ്ററില്‍ വെള്ളിയും 200ല്‍ വെങ്കലവും ദ്യുതി നേടി. 21 വയസ്സ് മാത്രം പ്രായമായപ്പോഴേക്കും മൂന്നാം തവണയാണ് ദ്യുതി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. 2013-ല്‍ പൂനെയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ വെങ്കലം നേടിയെങ്കിലും 2015ലെ വുഹാന്‍ മീറ്റില്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാനായില്ല. തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസില്‍ സ്പ്രിന്റ് ഡബിള്‍ നേടി. ഗുവാഹത്തിയില്‍ നടന്ന കഴിഞ്ഞ സാഫ് ഗെയിംസില്‍ 100 മീറ്ററില്‍ വെങ്കലവും 200 മീറ്ററില്‍ വെള്ളിയും ഒഡീഷയുടെ ഈ മാനസപുത്രിക്കായിരുന്നു.
















