കൊച്ചി: അവസരം വന്നപ്പോള്‍, പരോക്ഷമായാണെങ്കിലും ചൈനക്ക് കൂറ് പഖ്യാപിച്ച് സിപിഎം. അധികാരത്തില്‍ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് നേതാക്കളില്‍ പ്രമുഖനും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ നിലപാട് വിവാദമാകുന്നു.
നയതന്ത്രത്തിലും സൈനിക തന്ത്രത്തിലും ഇന്ത്യ- ചൈന ബന്ധം സങ്കീര്‍ണ്ണമാകുകയാണ്. ഇതിനിടെയാണ് ഔദ്യോഗിക സന്ദര്‍ശനത്തിന് വിദേശത്തുള്ള പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഇന്ത്യയുടെ അന്താരാഷ്‌ട്ര നയതന്ത്ര സൗഹാര്‍ദ്ദത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം. ഭരണത്തലവന്‍ ഇതര രാജ്യത്തായിരിക്കെ, രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പോലും അത് പരസ്യമാക്കി വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് മര്യാദ. അതുകൊണ്ടാണ് സിപിഎം പോളിറ്റ്ബ്യൂറോ പോലും മോദി സന്ദര്‍ശനത്തെ ഇപ്പോള്‍ വിമര്‍ശിക്കാത്തത്. എന്നാല്‍ പിണറായി പാലസ്തീനോടുള്ള ആഭിമുഖ്യവും പ്രേമവും പ്രഖ്യാപിച്ച് മോദിയെയും ഇസ്രയേലിനെയും ആര്‍എസ്എസ്സിനേയും വിമര്‍ശിച്ച് മുസ്ലിംവോട്ടര്‍മാരുടെ പ്രിയം നേടാന്‍ ശ്രമിക്കുകയായിരുന്നു. ബംഗാളിലെ ബദൂരിയയില്‍ ജിഹാദി കലാപകാരികളുടെ അക്രമത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഹിന്ദുക്കള്‍ പലായനം ചെയ്യുന്നതിനെക്കുറിച്ചും പിണറായിക്ക് ഉത്കണ്ഠയില്ല.
എന്നാല്‍, കടുത്ത വിമര്‍ശനമാണ് പിണറായിക്കെതിരേ. ഇസ്രയേലിനെ ഭീകര രാഷ്‌ട്രമെന്നും അധിനിവേശക്കാരെന്നും വിമര്‍ശിക്കുന്ന സിപിഎം നേതാവ്, ചൈന ഭൂട്ടാനിലും ഇന്ത്യയുടെ ഭാഗമായ സിക്കിമിലും നടത്തുന്ന അധിനിവേശ ശ്രമങ്ങളേയും അവകാശ വാദങ്ങളേയുംകുറിച്ച് പരാമര്‍ശിക്കുന്നേയില്ല. തിബറ്റ് ആക്രമിച്ച് കൈയടക്കി, ഒരു ജനതയെ മുഴുവന്‍ രാജ്യഭ്രഷ്ടരാക്കിയ ചൈനയെക്കുറിച്ച് ഉരിയാടാത്തത് പിണറായിയുടെയും പാര്‍ട്ടിയുടെയും രാജ്യക്കൂറ് വെളിപ്പെടുത്തുന്നുവെന്നാണ് വിമര്‍ശനം.
ഇന്ത്യാ-ചൈന യുദ്ധകാലത്ത് അതിര്‍ത്തി കൈയേറിയ ചൈനയെ ന്യായീകരിച്ച് ഇഎംഎസ് നടത്തിയ വിവാദ പരാമര്‍ശവും ഇന്ത്യന്‍ സൈനികര്‍ക്ക് രക്തം നല്‍കിയതിന് പാര്‍ട്ടി നേതാക്കള്‍ക്കെതിരേ നടപടിയെടുത്ത സംഭവവും മറ്റും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍.
രാജ്യത്തിന്റെ നയതന്ത്ര ചട്ടങ്ങളും മര്യാദകളും ലംഘിക്കുന്ന പിണറായിയുടെ പ്രസ്താവനയില്‍ പാര്‍ട്ടി ദേശീയ നേതൃത്വം വിശദീകരണം ആവശ്യപ്പെടുമെന്നാണ് സൂചനകള്‍.
















