ന്യൂദല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയെ അപമാനിച്ച് സംസാരിച്ച നടന്മാരായ ദിലീപ്, സലിംകുമാര്‍, നിര്‍മ്മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരായ പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു. വിഷയത്തില്‍ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം ചോദിക്കും.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനാണ് കമ്മീഷന് പരാതി നല്‍കിയത്. ആക്രമിക്കപ്പെട്ട നടിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ ലളിതാ കുമാരമംഗലത്തിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ഇരയായ നടിക്ക് സംരക്ഷണം നല്‍കണമെന്നും ഇരയെ അപമാനിച്ച സിനിമാ മേഖലയിലുള്ളവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ റദ്ദാക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ അംഗം സുഷമാ സാഹു ആവശ്യപ്പെട്ടു. ഇരയായ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച മൂന്നു പേര്‍ക്കെതിരെയും കേസെടുക്കണമെന്ന് അന്വേഷണ മേല്‍നോട്ട ചുമതലയുള്ള എഡിജിപി ദിനേന്ദ്ര കശ്യപിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസെടുത്തില്ലെങ്കില്‍ വനിതാ കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും സുഷമാ സാഹു പറഞ്ഞു.
















