തിരുവനന്തപുരം: ജിഎസ്ടി വന്നശേഷം സാധനങ്ങള്‍ക്ക് കച്ചവടക്കാര്‍ വിലകൂട്ടി വില്‍ക്കുന്ന പ്രവണത വ്യാപകമായ സാഹചര്യത്തില്‍ ഉപഭോക്തൃ താത്പര്യം സംരക്ഷിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എംപിമാരോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എംപിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജിഎസ്ടിയുടെ മറവിലുളള വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. നിലവിലുളള ജിഎസ്ടി നിരക്കും മുമ്പത്തെ നികുതി നിരക്കും കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തണം. എസിയില്ലാത്ത റസ്റ്റോറന്റുകളുടെ നികുതി കുറയ്‌ക്കണം. പരമ്പരാഗത ആയുര്‍വേദ മരുന്നുകളുടെ നികുതി 12 ശതമാനത്തില്‍നിന്ന് 5 ശതമാനമാക്കണം. ഹൗസ്‌ബോട്ടുകളുടെ നികുതി കുറച്ചില്ലെങ്കില്‍ കേരളത്തില്‍ ടൂറിസത്തെ ബാധിക്കും. ഉത്സവ സീസണില്‍ വിമാന യാത്രാനിരക്ക് വര്‍ധിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് ആഗസ്റ്റില്‍ പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര പൊതുമേഖലാ കമ്പനികള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ എംപിമാര്‍ ശക്തമായി ഇടപെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കണ്ണൂരില്‍ അന്താരാഷ്‌ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം, വയനാട്ടില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ ഹെല്‍ത്ത് എന്നിവ ലഭിക്കുന്നതിന് എംപിമാര്‍ ഇടപെടണം. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കേന്ദ്രസഹായം ലഭ്യമാക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് കേന്ദ്രസഹായം ലഭിക്കണം.
അങ്കമാലി-ശബരി റെയില്‍പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കണം. ഗുരുവായൂര്‍-തിരുന്നാവായ ലൈനിന്റെ നിര്‍മാണം വേഗത്തില്‍ ആരംഭിക്കണം. സുല്‍ത്താന്‍ ബത്തേരി വഴി നിലമ്പൂര്‍ റോഡ്-നഞ്ചന്‍കോട് റെയില്‍വെ ലൈന്‍ നടപ്പാക്കണം. കേന്ദ്ര മോട്ടോര്‍ വാഹന (ഭേദഗതി) ബില്ലിനോട് സംസ്ഥാന സര്‍ക്കാരിന് ചില എതിര്‍പ്പുകളുണ്ട്. റബ്ബറിന് വിലസ്ഥിരത ഉറപ്പുവരുത്താന്‍ കേന്ദ്രസഹായം വേണം. നെല്‍കൃഷിയുടെ വിസ്തൃതി രണ്ടു ലക്ഷം ഹെക്ടറില്‍നിന്ന് മൂന്നു ലക്ഷം ഹെക്ടറാക്കാന്‍ കേന്ദ്രസഹായം ലഭിക്കണം.
രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ, ജി. സുധാകരന്‍, ടി.പി. രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.സി. മൊയ്തീന്‍, കെ. രാജു, കെ.ടി. ജലീല്‍, തോമസ് ചാണ്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി. തിലോത്തമന്‍, മാത്യു ടി. തോമസ്, എംപിമാരായ പി. കരുണാകരന്‍, പി.കെ. ശ്രീമതി, കൊടിക്കുന്നില്‍ സുരേഷ്, കെ.വി. തോമസ്, ജോസ് കെ. മാണി, എ. സമ്പത്ത്, എം.ബി. രാജേഷ്, ജോയിസ് ജോര്‍ജ്, പി.കെ. ബിജു, സി.പി. നാരായണന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. സോമപ്രസാദ്, ജോയ് എബ്രഹാം, പി.വി. അബ്ദുള്‍ വഹാബ്, സി.എന്‍. ജയദേവന്‍, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, ചീഫ്‌സെക്രട്ടറി നളിനി നെറ്റോ, വിവിധ വകുപ്പുതല സെക്രട്ടറിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















