കോഴിക്കോട്: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിലെ അഞ്ചാംപ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എൻ ഷംസീര്‍. ബുധനാഴ്ച രാത്രി ഷാഫിയുടെ വീട്ടിലെത്തിയാണ് ഷംസീര്‍ എംഎല്‍എ ആശംസ അറിയിച്ചത്.
അടുത്ത സുഹൃത്തുകള്‍ക്ക് വേണ്ടി നടത്തിയ വിവാഹ സല്‍ക്കാരത്തില്‍ ഷാഫിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. ടി.പി വധക്കേസിൽ സി.പി.എമ്മിന് പങ്കില്ലെന്ന് നേതാക്കൾ ആവർത്തിച്ച് പറയുന്നതിനിടെയാണ് ഷംസീർ വിവാഹത്തിൽ പങ്കെടുത്തത്. കൊയിലാണ്ടി സ്വദേശിനിയെയാണ് മുഹമ്മദ് ഷാഫി ജീവിത സഖിയാക്കിയത്. ആറ് വർഷങ്ങളായുള്ള പ്രണയമാണ് ഇന്ന് വിവാഹത്തിലെത്തിയത്.
2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. ഒളിവിൽപോയ ഷാഫിയെയും സംഘത്തിനെയും ജൂൺ 19ന് മുടക്കോഴിമലയിൽ നിന്ന് പോലീസ് പിടികൂടുകയും ചെയ്തു. ആറുവർഷമായി ജയിലിൽ കഴിയുന്ന ഷാഫി പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. കല്യാണത്തിനായി പരോൾ അനുവദിക്കുകയായിരുന്നു.
















