തൃശൂര്‍: മോശം സ്ത്രീകള്‍ സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടുമെന്ന് അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ് പറഞ്ഞത് വിവാദമാവുന്നു. ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പത്രസമ്മേളനത്തിലാണ് ഇന്നസെന്റ് ഈ പരാമര്‍ശം നടത്തിയത്. സിനിമയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നില്ല. സ്ത്രീകളോട് മോശമായി സംസാരിച്ചാല്‍ മാധ്യമങ്ങളും പൊതുജനവും അതറിയും. എന്നാല്‍ ചില മോശം നടിമാര്‍ അവസരത്തിനായി കിടക്ക പങ്കിടാറുണ്ട്. ഇന്നസെന്റ് പറഞ്ഞു.
രൂക്ഷമായ പ്രതിഷേധമാണ് ഈ പരാമര്‍ശത്തിനെതിരെ ഉയരുന്നത്. സിനിമയില്‍ ഇപ്പോഴും സ്ത്രീ വിവേചനവും പീഡനവും നിലനില്‍ക്കുന്നുണ്ടെന്ന് സിനിമയിലെ വനിതാ സംഘടന വിമന്‍ കളക്ടീവ് ഫേസ് ബുക്കില്‍ പ്രതികരിച്ചു. പുതുമുഖങ്ങള്‍ക്ക് പലതരം ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. നടിമാരായ പാര്‍വ്വതിയും റായ് ലക്ഷ്മിയും സ്വന്തം അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കൊച്ചിയില്‍ അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ മുകേഷും ഗണേഷും അപമര്യാദയായി പെരുമാറിയതില്‍ ഇന്നസെന്റ് മാപ്പ് പറഞ്ഞു. അവര്‍ക്ക് ആവേശം കൂടിപ്പോയി. തനിക്ക് അവരെ തടയാനും കഴിഞ്ഞില്ല. മാപ്പു പറയുന്നു. ആക്രമണത്തിനിരയായ നടിക്കൊപ്പമാണ് തങ്ങള്‍. അവരെ സഹായിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പങ്കില്ലെന്നാണ് ദിലീപ് പറഞ്ഞത്, ഇന്നസെന്റ് വിശദീകരിച്ചു.
















