ട്രാക്കും ഫീല്‍ഡും ഇന്ന് ഉണരും. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ 7 ഫൈനലുകളാണ് നടക്കുന്നത്. രാവിലെ ഡക്കാത്ത്‌ലണ്‍ മത്സരങ്ങളും ഹീറ്റ്‌സുമാണ് നടക്കുക. വൈകിട്ട് 6നാണ് ഫൈനല്‍ ആരംഭിക്കുക. പുരുഷന്മാരുടെ ഡിസ്‌ക്കസ് ത്രോ, പോള്‍വോള്‍ട്ട്, വനിതകളുടെ ലോങ്ജമ്പ്, ഷോട്ട്പുട്ട്, 5000 മീറ്റര്‍, ജാവലിന്‍ ത്രോ, പുരുഷന്മാരുടെ 5000 മീറ്റര്‍ എന്നിവയാണ് ആദ്യ ദിനത്തിലെ ഫൈനലുകള്‍.
ഇന്ത്യന്‍ പ്രതീക്ഷകള്‍
ഡിസ്‌ക്കസ് ത്രോയില്‍ നിലവിലെ ചാമ്പ്യന്‍ വികാസ് ഗൗഡ സ്വര്‍ണ്ണം ഉറപ്പിച്ചാണ് ഇന്ന് ഫീല്‍ഡിലെത്തുന്നത്. വികാസിന് പുറമെ ധര്‍മ്മരാജ് യാദവ്, കൃപാല്‍ സിങ് എന്നിവരും ഇന്ത്യക്കായി ഇറങ്ങും.
പോള്‍വോള്‍ട്ടില്‍ എസ്. ശിവ മാത്രമാണ് ഏക ഇന്ത്യന്‍ പ്രാതിനിധ്യം. എന്നാല്‍ ഈ സീസണില്‍ 5.14 മീറ്റര്‍ മാത്രം ചാടിയ ശിവക്ക് മെഡല്‍ സാധ്യത കുറവാണ്. 5.70 മീറ്റര്‍ ചാടിയ ചൈനയുടെ ഡിങ് ബാങ്‌ചോക്കാണ് സാധ്യത കൂടുതല്‍.
വനിതകളുടെ ലോങ്ജമ്പില്‍ ഇന്ത്യക്ക് പ്രതീക്ഷകള്‍ ഏറെയാണ്. സീസണില്‍ 6.55മീറ്റര്‍ ചാടി രണ്ടാംസ്ഥാനത്തുള്ള നയന ജെയിംസാണ് പ്രതീക്ഷകളില്‍ മുന്നില്‍. നീന. വി, ജി. കാര്‍ത്തിക എന്നിവരും ഇന്ന് ജമ്പിങ്ങ് പിറ്റില്‍ പറന്നിറങ്ങാന്‍ എത്തും. 6.61 മീറ്റര്‍ ചാടിയ ചൈനയുടെ ജിയാന്‍ യെന്‍ഫിയുടെ പേരിലാണ് സീസണിലെ മികച്ച പ്രകടനം.
ഷോട്ട്പുട്ടില്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് മന്‍പ്രീത് കൗര്‍. 17.04 മീറ്റര്‍ എറിഞ്ഞ് സീസണില്‍ മൂന്നാം സ്ഥാനത്താണ് മന്‍പ്രീത്. അനാമിക ദാസ്, രമണ്‍പ്രീത് കൗര്‍ എന്നിവരും ഇന്ത്യക്കായി ഫീല്‍ഡിലെത്തും. 18.14 മീറ്റര്‍ എറിഞ്ഞ ചൈനയുടെ നിലവിലെ ജേത്രി ഗുവോ ടിയാന്‍ ഖിയാനും മത്സരിക്കാനെത്തുന്നുണ്ട്.വനിതകളുടെ 5000 മീറ്ററില്‍ ദേശീയ ചാമ്പ്യന്‍ എല്‍. സൂര്യയിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. സൂര്യക്ക് പുറമെ സഞ്ജീവനി യാദവും ട്രാക്കിലിറങ്ങും.
ജാവലിന്‍ ത്രോയില്‍ അന്നു റാണിയില്‍ നിന്ന് ഇന്ത്യ ഒരു മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. സീസണിലെപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അന്നു ചൈനയുടെ ലീ ലിങ് വിയുടെ പിന്നില്‍ രണ്ടാം സ്ഥാനത്താണ്. പൂനം റാണി, സുമന്‍ ദേവി എന്നിവരാണ് ഈയിനത്തില്‍ മത്സരിക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
പുരുഷന്മാരുടെ 5000 മീറ്ററില്‍ ദേശീയ ചാമ്പ്യനും നിലവിലെ മെഡല്‍ ജേതാവുമായ ജി. ലക്ഷ്മണിലാണ് ഇന്ത്യയുടെ പ്രതീക്ഷ. സീസണില്‍ മികച്ച മൂന്നാമത്തെ സമയം ലക്ഷ്മണിന്റെ പേരിലാണ്. മുരളി കുമാര്‍ ഗവിതാണ് മറ്റൊരു ഇന്ത്യന്‍ പ്രതിനിധി. സൗദി അറേബ്യയുടെ താരഖ് അഹമ്മദിന്റെ പേരിലാണ് സീസണിലെ മികച്ച പ്രകടനം.
















