കൊച്ചി: പാറ്റൂരിലെ സ്വീവേജ് പൈപ്പ് മാറ്റി സ്ഥാപിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി. പാറ്റൂര്‍ ഭൂമിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ നടപടിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
വാട്ടര്‍ അഥോറിറ്റിയുടെ 2008, 2014 കാലങ്ങളിലെ സെക്രട്ടറിമാര്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ സ്വകാര്യ നിര്‍മാതാക്കളെ സഹായിച്ചുവെന്നും ചീഫ് സെക്രട്ടറിയായിരുന്ന ഭരത്ഭൂഷണ്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി എന്നിവരുടെ അനുവാദത്തോടെയാണിതെന്നുമാണ് ആരോപണം.
ഇതിലൂടെ സര്‍ക്കാര്‍ ഭൂമി നഷ്ടമാക്കി സ്വകാര്യ നിര്‍മാതാവിന് ലാഭമുണ്ടാക്കിയെന്നുമാണ് ആരോപണം. വാട്ടര്‍ അഥോറിറ്റി സെക്രട്ടറിമാരെ ഒന്നും രണ്ടും ഭരത്ഭൂഷണെ മൂന്നും ഉമ്മന്‍ചാണ്ടിയെ നാലും സ്വകാര്യ നിര്‍മാതാക്കളെ അഞ്ചും പ്രതികളാക്കിയാണ് കേസ്.
















