കൊച്ചി: വിദേശത്ത് ജോലി തേടുന്ന നഴ്‌സുമാരെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുമെന്ന് നഴ്‌സിങ് പ്രൊഫഷണലുകളുടെ സംഘടന ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടിഎന്‍എഐ). വിദേശത്ത് ജോലിക്ക് പോകുന്ന നഴ്‌സുമാരുടെ റിക്രൂട്ടിങ് ഏജന്‍സിയായി വിദേശ മന്ത്രാലയം ടിഎന്‍എഐയെ നിയമിച്ചതായി സംഘടനയുടെ ദേശീയ പ്രസിഡന്റ് അനിത ദേവ്ധറും സെക്രട്ടറി ജനറല്‍ ഇവ്‌ലിന്‍. പി. കണ്ണനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിദേശ സേവനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുന്ന നഴ്‌സുമാരില്‍ നിന്നു വിദേശ മന്ത്രാലയം നിശ്ചയിച്ച ഫീസ് മാത്രമേ വാങ്ങൂ. സ്‌പോണ്‍സറിങ് ആശുപത്രികളുടെ വിവരങ്ങള്‍ ടിഎന്‍എഐ തങ്ങളുടെ ശൃംഖലകള്‍ വഴി ശേഖരിക്കും. ആശുപത്രികള്‍ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് വ്യക്തത വരുത്തും. നഴ്‌സുമാര്‍ക്ക് ടിഎന്‍ഐയുടെ സ്റ്റേറ്റ് ബ്രാഞ്ച് ഓഫീസുകള്‍ വഴി വിശദാംശങ്ങള്‍ അറിയാനാകുമെന്നും ഇവര്‍ പറഞ്ഞു.
















