മോദിയുടെ ട്വീറ്റിന്റെ കോപ്പിയുമായി സഭാ സെക്രട്ടറി ഉമ്മന്‍ ഫിലിപ്പ്, മാര്‍ത്തോമ സഭാ ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുള്ള ചെപ്പേട്
തിരുവല്ല: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപഹാരം കൈമാറിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് തിരുവല്ലയിലെ മാര്‍ത്തോമ സഭാ ആസ്ഥാനം. ഇന്ത്യയിലെ ജൂത ചരിത്രവുമായി ബന്ധപ്പെട്ട് രണ്ട് സെറ്റ് ചെമ്പ് ഫലകങ്ങളാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കൈമാറിയത്. അതില്‍ രണ്ടെണ്ണം തിരുവല്ല സഭാ ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുള്ള തരിസാപ്പള്ളി ചെപ്പേടിന്റെ ഭാഗങ്ങളായിരുന്നു.
കേരളത്തില്‍ കച്ചവടത്തിനായി എത്തിയ ജൂതന്മാര്‍ക്ക് പ്രദേശിക രാജാക്കന്മാര്‍ കല്‍പ്പിച്ചുനല്‍കിയ അവകാശങ്ങളും നികുതി ഇളവുകളുമാണ് ഇവയില്‍ പ്രതിപാദിച്ചിട്ടുള്ളത്. എഡി 849ലാണ് രചനയെന്ന് വിശ്വസിക്കപ്പെടുന്നു. ഹീബ്രു, പാലി, അരമേക് ഭാഷകള്‍ ചെപ്പേടില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട് അഞ്ച് ലോഹത്തകിടുകള്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ടെണ്ണം മാര്‍ത്തോമ സഭാ ആസ്ഥാനത്തെ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നു. ബാക്കിയുള്ളവ കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയിലാണുള്ളത്.
പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി കേന്ദ്ര പുരാവസ്തുവകുപ്പിലെ ഉദ്യോഗസ്ഥര്‍ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് ഇവയുടെ പതിപ്പുകള്‍ ശേഖരിച്ചതെന്ന് സഭാ സെക്രട്ടറി ഉമ്മന്‍ ഫിലിപ്പ് അറിയിച്ചു. ചരിത്ര രേഖകള്‍ അടങ്ങുന്ന ഉപഹാരം നെതന്യാഹുവിന് നല്‍കിയപ്പോള്‍ തന്നെ തിരുവല്ലയിലെ മലങ്കര മാര്‍ത്തോമ സിറിയന്‍ പള്ളിയെക്കുറിച്ച് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
















