തിരുവനന്തപുരം: ടി.പി. ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുന്‍ ഡിജിപി ഡോ ടി.പി. സെന്‍കുമാര്‍ ഉപലോകായുക്ത മുമ്പാകെ മൊഴി നല്കി. കോവളത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ടി.പി. ശ്രീനിവാസനെ എസ്എഫ്‌ഐ ജില്ലാ നേതാവായ ശരത് ആണ് പരസ്യമായി ചെകിട്ടത്തടിച്ചത്. വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കുന്നു എന്നാരോപിച്ച് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു ശ്രീനിവാസന്‍.
പോലീസ് നോക്കിനില്‌ക്കെയായിരുന്നു മര്‍ദ്ദനം. എന്നാല്‍ നിയമപാലകര്‍ അക്രമിയെ പിടിച്ചുമാറ്റുകയോ കേസെടുക്കുകയോ ചെയ്തില്ല. സംഭവത്തില്‍ ഉപലോകായുക്ത ജഡ്ജി കെ.ടി. ബാലചന്ദ്രന്‍ നേരിട്ട് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് അന്ന് ഡിജിപിയായിരുന്ന ടി.പി. സെന്‍കുമാറിനോട് ഉപലോകായുക്ത വിശദീകരണം തേടി. ഇതിന്മേലാണ് ഇന്നലെ നേരിട്ട് ഉപലോകായുക്തയില്‍ ഹാജരായി സെന്‍കുമാര്‍ മൊഴി നല്കിയത്.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഒരു എസ്‌ഐയെയും സംഘത്തെയും ടി.പി. ശ്രീനിവാസന്റെ വീട്ടിലേക്ക് അയച്ച് കേസ് എടുക്കാനും മൊഴി രേഖപ്പെടുത്താനും താന്‍ നിര്‍ദ്ദേശിച്ചു. പക്ഷേ അദ്ദേഹം പരാതിപ്പെടാനും മൊഴി നല്കാനും തയ്യാറായില്ലെന്നും സെന്‍കുമാര്‍ മൊഴി നല്കി. കേസ് ജൂലൈ 14 ലേക്ക് മാറ്റി.
















