വീടിന്റെ മറവില്‍ ഏലപ്പട്ടയത്തില്‍ നിര്‍മ്മിക്കുന്ന പള്ളി
ഇടുക്കി: ശാന്തന്‍പാറ ചന്നക്കടവ് പാലത്തിന് സമീപം ഏലപ്പട്ടയത്തില്‍ നടക്കുന്ന പണികള്‍ക്ക് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മൊ നല്‍കിയെങ്കിലും നിര്‍മ്മാണം തുടരുന്നു. റവന്യൂ വകുപ്പിന്റെ ഉത്തരവ് ലംഘിച്ച് നിര്‍മ്മാണം നടക്കുന്ന വിവരം ചൂണ്ടിക്കാട്ടി പൂപ്പാറ വില്ലേജ് ഓഫീസര്‍ സുനില്‍ ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കി. ഒറേത്തായില്‍ ജയ്‌സണ്‍ ജോസഫാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇയാള്‍ക്കെതിരെ 188 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പൂപ്പാറ-ശാന്തന്‍പാറ റോഡില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയായതിനാല്‍ ഏലക്കാടിനുള്ളില്‍ നടക്കുന്ന നിര്‍മ്മാണങ്ങളെക്കുറിച്ച് അധികം ആളുകള്‍ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ജന്മഭൂമി ഈ സംഭവം വാര്‍ത്തയാക്കിയതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. പോലീസ് കേസെടുത്തെങ്കിലും ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ശാന്തന്‍പാറ എസ്.ഐ അനധികൃത നിര്‍മ്മാണം തടയാന്‍ ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് കേസെടുത്തതിന് ശേഷവും നിര്‍മ്മാണ സാമഗ്രികള്‍ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തേയ്‌ക്ക് എത്തിക്കുന്നുണ്ട്. ഏലപ്പട്ടയ വ്യവസ്ഥ ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിനാല്‍ പട്ടയം റദ്ദാക്കി വസ്തു സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ ഷാജി ജന്മഭൂമിയോട് പറഞ്ഞു.
















