ഇടുക്കി: കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ക്ക് അനുകൂലമായ നിലപാടുകളാണ് സിപിഐ സംസ്ഥാന നേതൃത്വം പ്രത്യക്ഷമായി കൈക്കൊണ്ടതെങ്കിലും പാര്‍ട്ടിയുടെ നഷ്ടപ്പെട്ട ജനപ്രീതി വീണ്ടെടുക്കാനായി സബ് കളക്ടറുടെ നടപടികള്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. സിപിഐ പരിസ്ഥിതി സംരക്ഷകരാണെന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍. സബ് കളക്ടറുടെ നടപടികളെ പ്രകീര്‍ത്തിച്ച് സിപിഐ നേതൃത്വം ഇറക്കിക്കൊണ്ടിരുന്ന പ്രസ്താവനകള്‍ വ്യാജമായിരുന്നെന്ന് ജനത്തിന് ഇപ്പോള്‍ ബോധ്യമായി.
ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാക്കാനുള്ള നീക്കത്തിന് റവന്യൂ വകുപ്പിന്റെ പിന്തുണയുണ്ടായിരുന്നു. ഏലമലക്കാടുകളില്‍ നിന്നും മരം മുറിക്കാനുള്ള അനുമതിക്കായി ഉത്തരവിറക്കാനും സിപിഐക്ക് എതിര്‍പ്പില്ലായിരുന്നു. ദേവികുളം സബ് കളക്ടറെ മാറ്റിയത് സാധാരണ നടപടി ക്രമം മാത്രമാണെന്നും, ഒരു പദവിയില്‍ എക്കാലവും തുടരാന്‍ ഒരാള്‍ക്കും കഴിയില്ലെന്നുമുള്ള റവന്യൂ മന്ത്രിയുടെ പ്രഖ്യാപനം മുന്‍ നിലപാടുകള്‍ നിന്നുള്ള തിരിഞ്ഞ് നടപ്പ് വ്യക്തമാക്കുന്നു.
ഇടുക്കിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സിപിഐക്ക് താല്പര്യമില്ലെന്ന് വ്യക്തമാണ്. സിപിഐ നേതാവ് സി.എ കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ ടൗണിലെ ഹോം സ്റ്റേ ഒഴിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കുര്യനെതിരെ പ്രതികരിക്കാന്‍ പോലും സിപിഐ തയ്യാറായില്ല.
പള്ളിവാസലില്‍ പാറവീഴ്ചയുള്ള സ്ഥലത്ത് നിര്‍മ്മിച്ച റിസോര്‍ട്ടിന് പ്രവര്‍ത്തനാനുമതി നല്‍കിയതിന് പിന്നിലും സിപിഐയുടെ സഹായമുണ്ടായിരുന്നു. ഇവിടെ നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുന്ന പത്ത് നില കെട്ടിടത്തിന്റെ പണി തുടങ്ങാന്‍ സിപിഐ ജില്ലാഘടകം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ഏറ്റവും ഒടുവില്‍ ലൗഡേല്‍ ഹോംസ്റ്റേ സര്‍ക്കാരിലേക്ക് ഏറ്റെടുക്കാന്‍ ശ്രമം നടന്നപ്പോള്‍ സിപിഎം ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ക്കൊപ്പമായിരന്നു സിപിഐ. റിസോര്‍ട്ട് മാഫിയയും ക്വാറി മാഫിയും ചെലുത്തിയ സമ്മര്‍ദ്ദത്തിലാണ് ഇപ്പോള്‍ ശ്രീറാമിനെ മാറ്റിയിരിക്കുന്നത്.
















