കുമളി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ കീഴിലുള്ള ഉപസമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. രാവിലെ പത്തിന് ചെയര്‍മാനും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും രണ്ട് പ്രതിനിധികളുമാണ് പരിശോധന നടത്തുന്നത്. പ്രധാന അണക്കെട്ടിനോടൊപ്പം ബേബിഡാമും സ്പില്‍വേയും ഉദ്യോഗസ്ഥ സംഘം പരിശോധിക്കും.
മൂന്ന് മണിയോടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. മുന്‍പ് ഉന്നതാധികാര സമിതിയുടെ സന്ദര്‍ശന സമയത്ത് ആഴ്ചയില്‍ ഒരു തവണ ഉപസമിതി അംഗങ്ങള്‍ അണക്കെട്ട് സന്ദര്‍ശിക്കണമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും നടപ്പായില്ല. മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഉപസമിതി കേരളത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അണക്കെട്ട് സന്ദര്‍ശിക്കാന്‍ തയ്യാറായിരിക്കുന്നത്. നിലവില്‍ 112.3 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്.
















