തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ചോറുണിന് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയും ആറു മാസം പ്രായമായ കുഞ്ഞും മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി രതീഷിന്റെ ഭാര്യ ഷബാന (26)യും കുഞ്ഞ് നിസാല്‍ എന്നിവരാണ് മരിച്ചത്.
തൃശൂര്‍ പെരിഞ്ഞനത്ത് പുലര്‍ച്ചെ ഒരു മണിയോടെ കൊടുങ്ങല്ലൂരിന് സമീപം ദേശീയപാത 17ല്‍ വച്ചായിരുന്നു അപകടം. രതീഷ്, കാറിലുണ്ടായിരുന്ന ബന്ധുക്കളായ നിധിൻ, ശോഭി, വാൻ ഡ്രൈവർ കൊടകര സ്വദേശി പ്രജോദ് എന്നിവരെ ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിച്ചാണ് അപകടം.
രതീഷും കുടുംബവും സഞ്ചരിച്ചിരുന്ന കാർ എറണാകുളത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മതിലകം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
















