ന്യൂദല്‍ഹി: പാതയോരങ്ങളിലെ മദ്യശാല നിരോധന ഉത്തരവ് മറികടക്കാന്‍ റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ വിവേചന ബുദ്ധി കാണിക്കണമെന്ന് സുപ്രീംകോടതി. ദേശീയ പാതയിലൂടെ അമിത വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ മദ്യപിക്കാതിരിക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിട്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിരോധനത്തില്‍ നിന്ന് ഒഴിവാകാന്‍ നഗത്തിനുള്ളിലെ പാതകളെ പുനര്‍വിജ്ഞാപനം ചെയ്യാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാല നിരോധനം മറികടക്കാന്‍ ചണ്ഡീഗഡ് ഭരണകൂടം റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്തുവെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ഒരു സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
നേരത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ ഹര്‍ജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. കേസിന്‍മേല്‍ അടുത്ത ആഴ്ച തുടര്‍ വാദം കേള്‍ക്കും.
















