തൃശൂര്‍: വിവിധ പാടശേഖരങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഏജന്‍സി വഴി ശേഖരിച്ച നെല്ലിന് മാസങ്ങള്‍ പിന്നിട്ടിട്ടും പണം ലഭിച്ചില്ലെന്ന് പരാതി. കുമ്പിടി പാടശേഖര സമിതിക്കാണ് പരാതി. മാര്‍ച്ച് മുതല്‍ എടുത്ത നെല്ലിനാണ് ഇതുവരെ പണം ലഭിച്ചില്ലെന്ന പരാതിയുള്ളത്.
കുമ്പിടി പാടശേഖരത്തില്‍നിന്ന് മാത്രം ഏതാണ്ട് ഇരൂന്നൂറ് ടണ്‍ നെല്ലാണ് സിവില്‍ സപ്ലൈസ് ഏറ്റെടുത്തത്. ചില പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്ക് മുന്‍കൂര്‍ തുക നല്‍കിയിരുന്നു.
അമ്പതില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് ഈ അനുകൂല്യം ലഭിച്ചത്. ശേഷിച്ച തുകയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. എന്നാല്‍ നൂറോളം പേര്‍ക്ക് ഇത് വരെ ഒരു രൂപപോലും നല്‍കിയിട്ടുമില്ല.
കുഴൂര്‍ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഏജന്‍സി വഴി ഏപ്രില്‍ മാസം മുതല്‍ സംഭരിച്ച നെല്ലിനാണ് ഇതുവരെയായിട്ടും പണം ലഭിക്കാത്തത്. പഞ്ചായത്തിലെ അടൂപ്പാടം, തുമ്പരശ്ശേരി, എരവത്തൂര്‍, കുഴൂര്‍ പാടശേഖരങ്ങളിലെ കര്‍ഷകരാണ് പണം ലഭിക്കാതെ വലയുന്നത്.
സബ്‌സിഡിത്തുകപോലും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. 250 ഹെക്ടറിലധികം സ്ഥലത്തെ നെല്ലാണ് സംഭരിച്ചത്. 50 ലക്ഷത്തിലധികം രൂപ കുടിശ്ശികയുള്ളതായാണ് കര്‍ഷകര്‍ പറയുന്നത്.
ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്‌പയെടുത്ത് കൃഷിയിറക്കിയവരാണ് ബുദ്ധിമുട്ടിലായിട്ടുള്ളത്. പണം ലഭിക്കാതെ വന്നതോടെ വായ്‌പയെടുത്തവര്‍ പ്രതിസന്ധിയിലാണ്.
















