മലപ്പുറം: ജൂണ്‍ മാസത്തില്‍ മലപ്പുറം ജില്ലയിലെ മൂന്ന് സ്ഥലങ്ങളില്‍ നിന്നായി 5.2 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടിയ കേസിന്റെ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കുന്നു. പഴയ 1000, 500 നോട്ടുകളുടെ ശേഖരവുമായി കരിപ്പൂര്‍ വിമാനത്താവളം ലക്ഷ്യമാക്കി പോകുമ്പോഴായിരുന്നു രണ്ട് സംഘങ്ങളും പിടിയിലായത്. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് നോട്ട് എത്തിച്ചുനല്‍കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം.
ജൂണ്‍ മൂന്നിന് പെരിന്തല്‍മണ്ണയില്‍ 3.2 കോടി രൂപയുടെ അസാധു നോട്ടുകളുമായി അഞ്ചുപേരും, ജൂണ്‍ 26ന് തിരൂരങ്ങാടി തലപ്പാറയില്‍ ഒരുകോടിയുമായി നാലുപേരും ഇന്നലെ ഒരു കോടിയുമായി പെരിന്തല്‍മണ്ണയില്‍ തന്നെ മൂന്നുപേരും അറസ്റ്റിലായി. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായത്. ഇവരെ ചോദ്യം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ വിദേശബന്ധം വ്യക്തമായത്.
പ്രവാസികള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. വിമാനമാര്‍ഗ്ഗം പഴയ നോട്ടുകള്‍ വിദേശത്തെത്തിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൈമാറും. അവര്‍ അത് ഇന്ത്യയില്‍ വന്ന് മാറ്റി നല്‍കിയാല്‍ 20 മുതല്‍ 30 ശതമാനം വരെ കമ്മീഷന്‍ നല്‍കും. രണ്ട് ശ്രമങ്ങള്‍ തടയാനായെങ്കിലും അസാധു നോട്ടുകള്‍ കുറച്ചെങ്കിലും വിദേശത്ത് എത്തിയിട്ടുണ്ടാകുമെന്ന് പോലീസ് സംശയിക്കുന്നു.
വിദേശത്ത് ഈ സംഘത്തിന് ഒന്നില്‍കൂടുതല്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നോട്ട് മാഫിയക്ക് വിമാനത്താവളത്തിലെ ജീവനക്കാരുടെ സഹായമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
















