കാസര്‍കോട്: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടു ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവ് വിവാദത്തില്‍. ഭരണാനുകൂല സംഘടനയില്‍ പെട്ടവരെ പ്രധാന സ്‌കൂളുകളില്‍ പ്രതിഷ്ഠിക്കുന്നതിനു നിലവിലുള്ള വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രിന്‍സിപ്പല്‍മാരെ ദൂരസ്ഥലങ്ങളിലേക്കു നിര്‍ബന്ധിതമായി മാറ്റുന്നതായി പരാതി ഉയരുന്നു. പ്രിന്‍സിപ്പല്‍ തസ്തികയിലെ സ്ഥലം മാറ്റത്തിനു പ്രത്യേക മാനദണ്ഡങ്ങളില്ലാത്തതിനാല്‍ ആവശ്യപ്പെടുന്നവര്‍ക്കു സൗകര്യപ്രദമായ സ്ഥലങ്ങളിലേക്കു നല്‍കുകയാണു പതിവ്.
എന്നാല്‍ മിക്ക ജില്ലകളിലും ഭരണാനുകൂല സംഘടനയില്‍ പെട്ടവരെ തിരുകിക്കയറ്റുന്നതിനും കൂടെ ഹൈസ്‌കൂളില്‍ നിന്ന് സ്ഥാനക്കയറ്റം നല്‍കി പ്രിന്‍സിപ്പല്‍മാരായി വരുന്നവരെയും നിയമിക്കുന്നതിനാണു നിര്‍ബന്ധിത സ്ഥലംമാറ്റത്തിന് ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളെയും അധ്യാപകരെയും അസ്വസ്ഥമാക്കുന്ന തരത്തില്‍ കേവലം സങ്കുചിത രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കായി സര്‍ക്കാര്‍ തന്നെ എടുക്കുന്ന അനാവശ്യ ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രിയെയും ഹയര്‍സെക്കന്‍ഡറി ഡയറക്ടറെയും നോക്കുകുത്തികളാക്കി ഭരണാനുകൂല സംഘടനക്കാരുടെ കൂത്തരങ്ങാക്കി ഹയര്‍സെക്കന്‍ഡറി മേഖലയെ മാറ്റാനുള്ള നീക്കം മേഖലയെ തകര്‍ക്കാനേ ഉപകരിക്കൂ. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയില്‍ സ്വജനപക്ഷപാതം വഴിയും വിലപേശല്‍ വഴിയും ഹയര്‍സെക്കന്‍ഡറി മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ഉപജാപകസംഘങ്ങള്‍ നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി നേരിട്ടിടപെടണമെന്ന് ആവശ്യം ശക്തമാകുന്നു.
















