അഹമ്മദാബാദ്: കൊടും കാടിന്റെ നടുവിൽ പ്രസവം. കേൾക്കുമ്പോൾ തന്നെ ഭയാനകമായി തോന്നാം. എങ്കിൽ കൂട്ടിന് കാട്ടിലെ രാജക്കന്മാരായ സിംഹങ്ങൾ ചുറ്റും നിന്നുമെന്ന് കരുതിയാൽ ചങ്കിടിക്കുമെന്നതിൽ സംശയം വേണ്ട. സംഗതി സത്യം തന്നെയാണ് അഹമ്മദാബാദ് സ്വദേശിയായ മാങ്കുബെന്നിന്റെ(32) പ്രസവം നടന്നത് ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിലാണ്.
വനത്തിനുള്ളിലെ ആംബുലന്‍സില്‍ വെച്ച് മാങ്കുബെന്‍ പ്രസവിക്കുമ്പോൾ മനുഷ്യ മണമേറ്റെത്തിയ സിംഹക്കൂട്ടങ്ങളായിരുന്നു വാഹനത്തിന് ചുറ്റും. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു മാങ്കുബെന്നിന്റെ കൊടും കാട്ടിലെ പ്രസവം. അഹമ്മദാബാദ് ലുനാസാപുര്‍ സ്വദേശിയായ മാങ്കുബെന്നിനെ ജാഫര്‍ബാദിലെ ആശുപത്രിയിലേക്ക് പ്രസവത്തിനായി ആംബുലന്‍സിലാണ് കൊണ്ടു പോയത്. നഴ്സായി അശോക് മക്വാനയെന്ന യുവാവ് മാത്രമേ ആംബുലന്‍സില്‍ ഉണ്ടായിരുന്നുള്ളൂ.
യാത്രാ മധ്യേ പ്രസവ വേദന കടുത്തതോടെ അശോകിന്റെ അഭ്യര്‍ഥന മാനിച്ച് ഡ്രൈവര്‍ ആംബുലന്‍സ് വനത്തിനുള്ളിൽ നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇതേ സമയം മനുഷ്യ ഗന്ധം മനസിലാക്കി വാനിന്റെ അടുത്തെത്തിയത് 12 സിംഹങ്ങളായിരുന്നു.
തുടർന്ന് എല്ലാവരും പരിഭ്രാന്തിയിലായെങ്കിലും അശോക് ധൈര്യം കൈവിടാതെ മാങ്കുബെന്നിന്റെ പ്രസവമെടുത്തു. 20 മിനുട്ടോളം പ്രസവം നീണ്ടു .ആ സമയമത്രയും ആംബുലന്‍സിനോട് ചേര്‍ന്ന് വലിയ സിംഹക്കൂട്ടം തന്നെയുണ്ടായിരുന്നു. കുഞ്ഞും അമ്മയും ജാഫര്‍ബാദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
















