ന്യൂദല്‍ഹി: സര്‍ദാര്‍ വല്ലഭ് ഭായി പട്ടേൽ ഇന്ത്യയെ ഒന്നിപ്പിച്ചതുപോലെയൊരു സാമ്പത്തിക സംയോജനമാണ് ജിഎസ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലളിതമായ നികുതി സമ്പ്രദായമാണ് ജിഎസ്‌ടിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ജിഎസ്ടി വിളംബര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിക്ക് ‘ഗുഡ് ആന്‍ഡ് സിംപിള്‍ ടാക്സ്’ എന്ന നിര്‍വചനം നല്‍കിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. പല തലത്തിലുള്ള നികുതി സമ്പ്രദായത്തിന്റെ സങ്കീര്‍ണതകളും ദോഷങ്ങളും ഇല്ലാതാക്കാന്‍ ജിഎസ്ടിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നികുതി സമ്പ്രദായത്തിന്റെ ഗുണഫലങ്ങള്‍ ഉപയോക്താക്കളിലേക്ക് വ്യാപാരികള്‍ നല്‍കുമെന്നാണ് പ്രതീക്ഷ. ജിഎസ്ടി നികുതി പരിഷ്കാരം മാത്രമല്ല. സഹകരണാത്മക ഫെഡറലിസത്തിന്റെ ഉദാഹരണമായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി എല്ലാവരുടേയും വിജയമാണ്. അത് വിളംബരം ചെയ്യാൻ ചരിത്രപ്രധാനമായ സെന്‍ട്രല്‍ ഹാളിനെക്കാള്‍ പറ്റിയ വേദിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തിലെ പ്രയാസങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിലാണ് വിജയമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒാര്‍മിപ്പിച്ചു.
ജിഎസ്ടി പ്രാബല്യത്തില്‍ കൊണ്ടുവന്നതുവഴി ജനാധിപത്യത്തിന്റെ പക്വതയും വിവേകവുമാണ് തെളിഞ്ഞത്. ഇതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ വ്യക്തിപരമായ സന്തോഷമുണ്ട്. ഭരണഘടനാ ഭേദഗതി ബില്‍ ആദ്യം പാര്‍ലമെന്റിൽ അവതരിപ്പിച്ചത് താനാണെന്ന് രാഷ്ട്രപതി അനുസ്മരിച്ചു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവര്‍ക്കൊപ്പം മുന്‍ പ്രധാനമന്ത്രി ദേവഗൗഡക്കും വേദിയില്‍ ഇരിപ്പിടം ഒരുക്കിയിരുന്നു. പശ്ചിമ ബംഗാള്‍ മുന്‍ ധനമന്ത്രി അസിം ദാസ് ഗുപ്തയും എത്തിയിരുന്നു.
മുന്‍നിരയില്‍ ശരത് പവാര്‍, ബിജെപി അധ്യക്ഷന്‍ അമിത്ഷാ, രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ എന്നിവരുണ്ടായിരുന്നു. ഇവർക്ക് പുറമെ എന്‍ഡിഎ ഇതര ചേരിയില്‍നിന്ന് ജനതാദള്‍ യു, എന്‍സിപി, ബിജെഡി, ജനതാദള്‍ എസ് എന്നിവയുടെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
















