ന്യൂദല്‍ഹി: ചരക്ക് സേവന നികുതി വരുന്നതോടെ രാജ്യത്ത് എല്ലായിടത്തും ഒരേ നികുതിയാകും. നികുതി വെട്ടിച്ചുള്ള ചരക്ക് കടത്ത് പൂര്‍ണ്ണമായും നിലയ്‌ക്കും. അതോടെ സംസ്ഥാന അതിര്‍ത്തികളിലെ വില്പ്പന നികുതി ചെക്ക്‌പോസ്റ്റുകള്‍ ഇല്ലാതാക്കും.
രേഖകളുമായി ചെക്ക് പോസ്റ്റുകളില്‍ തങ്ങളുടെ ഉൗഴം കാത്തുനില്‍ക്കുന്ന ലോറി ഡ്രൈവര്‍മാരുടെ ദുരിതം അവസാനിക്കും, വില്പ്പന നികുതി ചെക്ക് പോസ്റ്റുകളിലുള്ളവര്‍ക്ക് സ്ഥിരം കോഴ നല്‍കുന്ന പരിപാടി അവസാനിക്കും. വാഹനങ്ങളുടെ നീണ്ട നിരയും ഇല്ലാതാകും. ഇതോടെ അതിര്‍ത്തികളിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കും ഒഴിവാകും.
പല സംസ്ഥാനങ്ങളിലും ചെക്ക് പോസ്റ്റുകള്‍ നീക്കിത്തുടങ്ങി.
ചിലയിടങ്ങളില്‍ ആ ജോലി പുരോഗമിക്കുന്നു. ബുധനാഴ്ച തന്നെ ബീഹാര്‍ സര്‍ക്കാര്‍ മധ്യപ്രദേശുമായുള്ള അതിര്‍ത്തിയിലെ ആറ് വാണിജ്യ നികുതി പോസ്റ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കര്‍ണ്ണാടകവും ചെക്ക് പോസ്റ്റുകള്‍ ഇനി ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു.
ഗുജറാത്ത്,മഹാരാഷ്‌ട്ര, ഹരിയാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, യുപി, ബംഗാള്‍, ഒഡീഷ തുടങ്ങിയവ ചെക്ക് പോസ്റ്റുകള്‍ നേരത്തെ തന്നെ നിര്‍ത്തിക്കഴിഞ്ഞു. ഇതുവഴി സമയനഷ്ടം ഒഴിവാക്കാം. കോഴക്കളിയും അവസാനിപ്പിക്കാം. അതിര്‍ത്തികളിലെ മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകളും മറ്റും തുടരും.
















