കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സും കേരള ഫുഡ്‌ബോള്‍ അസോസിയേഷനും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ താരങ്ങളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലകള്‍തോറും ഫുട്‌ബോള്‍ സ്‌ക്കൂളുകള്‍ തുടങ്ങുമെന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ തൃപുരാനേനിയും,കേരള ഫുഡ്‌ബോള്‍ അസോ. പ്രസിഡണ്ട് കെ.എം.എ മേത്തറും പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാലയങ്ങളുമായി സഹകരിച്ചാണ് സ്‌ക്കൂളുകള്‍ ആരംഭിക്കുക. 10,12,14,16 പ്രായ പരിധി പരിഗണിച്ച് സ്‌ക്കൂളുകള്‍ തമ്മില്‍ ലീഗ് മത്സരങ്ങള്‍ നടത്തി മികവ് പുലര്‍ത്തുന്നവരെ കൂടുതല്‍ പരിശീലനത്തിനായി ഡെവലപ്പ്‌മെന്റ് കേന്ദ്രങ്ങളിലേക്ക് തെരഞ്ഞെടുക്കും. ഈ വര്‍ഷം ഇത്തരം അഞ്ച് കേന്ദ്രങ്ങളാരംഭിക്കും.മികച്ച ടീം, മികച്ച കളിക്കാരന്‍ എന്നിവരെ എല്ലാ പ്രായക്കാരില്‍ നിന്നും തെരഞ്ഞെടുക്കും. മത്സരങ്ങളും, പ്രകടനങ്ങളും വിലയിരുത്തി ബ്ലാസ്റ്റേഴ്‌സ് പുതിയതായി നിയമിച്ച ടെക്‌നിക്കല്‍ ഡയറക്ടര്‍ താംങ്‌ബോയ് സിംങ്‌തോയാണ് മികവുള്ളവരെ കണ്ടെത്തുക.ഇവരില്‍ നിന്നാണ് ഭാവിയിലെ മികച്ച ഫുഡ്‌ബോളര്‍മാരെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായം കെഎഫ്എ നല്‍കും. സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സിനാണ് നടത്തിപ്പ് ചുമതല. ഇതിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ജൂലൈ ഒന്നിന് ആരംഭിക്കും. സ്‌ക്കൂളുകളുടെ ലോഗോ പ്രകാശനം ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ തൃപുരാനേനിയും,കേരള ഫുഡ്‌ബോള്‍ അസോ. പ്രസിഡണ്ട് കെ.എം.എ മേത്തറും ചേര്‍ന്ന് നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാത്ത വിധത്തില്‍ ഫുഡ്‌ബോള്‍ പരിശീലനം യൂണിഫോം സിസ്റ്റത്തില്‍ ക്രമീകരിക്കുമെന്ന് കെഎഫ്എ സെക്രട്ടറി അനില്‍കുമാര്‍ ചടങ്ങില്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് സ്ട്രാറ്റജിക് ഉദ്യമ മേധാവി സന്‍ജിത് ജോസഫ് ചടങ്ങില്‍ പങ്കെടുത്തു.
















