മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയിദിന്റെ സംഘടനയ്‌ക്ക് പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തി. ജമാത് ഉദ് ദവയെ വിപുലീകരിച്ചു രൂപീകരിച്ച തെഹരീക് ഇ ആസാദി ജമ്മു കശ്മീര്‍ സംഘടനയ്‌ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
പാക്കിസ്ഥാന്‍ ഭീകര വിരുദ്ധ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ നിരോധനം സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട്. നേതാക്കള്‍ കൊഴിഞ്ഞുപോയ ജമാത് ഉദ് ദവ ഇപ്പോഴും നിരീക്ഷണ പട്ടികയിലുണ്ടെന്നു പാക്കിസ്ഥാന്‍ വ്യക്തമാക്കി.
അന്താരാഷ്‌ട്ര സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ജനുവരിയില്‍ പാക്കിസ്ഥാന്‍ ഹാഫിസ് സയിദിനെ വീട്ടുതടങ്കലിലാക്കിയിരുന്നെങ്കിലും ഇന്ത്യക്കെതിരെ പ്രചാരണ പരിപാടികളില്‍ സയിദ് വ്യാപൃതനായിരുന്നു.ഒരേ സമയം ഭീകരരെ പ്രതിരോധിക്കുന്നെന്ന് അവകാശപ്പെടുമ്പോഴും ഇന്ത്യക്കെതിരെയുള്ള ഭീകരപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുന്ന സമീപനമായിരുന്നു പാകിസ്ഥാന്‍ സ്വീകരിച്ചത്.
ഇതിനെതിരെ അമേരിക്കന്‍ ഭരണതലത്തില്‍ നിന്ന് തന്നെ പ്രതിഷേഷം ഉയര്‍ന്നിരുന്നു. പാകിസ്ഥാന് നല്‍കുന്ന ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് വെട്ടിച്ചുരുക്കണമെന്ന് ചില സെനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു . പാകിസ്ഥാനെ ഭീകര രാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യമുയര്‍ന്നു .
അന്താരാഷ്‌ട്രതലത്തില്‍ ഇന്ത്യയുടെ ശക്തമായ മുന്നേറ്റം പാകിസ്ഥാന് തലവേദനയായതും മറ്റൊരു കാരണമായി. പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഏകദേശം എല്ലാ രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചതും പാകിസ്ഥാനെ ഞെട്ടിച്ചു. ഭീകരര്‍ക്കെതിരെ ഡ്രോണ്‍ യുദ്ധം നടത്തുമെന്ന് ട്രംപ് ഭരണകൂടവും വ്യക്തമാക്കി . തുടര്‍ന്നാണ് ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതരായത് .
















