കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസിലെ പെണ്‍കുട്ടിയെ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ തടങ്കലിലാക്കിയെന്നാരോപിച്ച് നല്‍കിയ ഹര്‍ജി കാമുകന്‍ അയ്യപ്പദാസ് പിന്‍വലിച്ചു. പെണ്‍കുട്ടി തടവിലല്ലെന്നു വ്യക്തമാക്കി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച അവസരത്തിലാണിത്.
പെണ്‍കുട്ടിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നെടുമങ്ങാട്ട് ഒരു വീട്ടില്‍ തടങ്കലിലാക്കിയിരിക്കുകയാണെന്നും ആരോപിച്ചാണ് അയ്യപ്പദാസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പമാണ് വാടക വീട്ടില്‍ താമസിക്കുന്നതെന്നും ആരുടെയും തങ്കടലിലല്ലെന്നും വ്യക്തമാക്കി തിരുവനന്തപുരം പേട്ട എസ്‌ഐ എഎസ് സുരേഷ് കുമാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
അയ്യപ്പദാസ് വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പേട്ട സിഐയ്‌ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സംരക്ഷണം നല്‍കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. പോലീസ് സംരക്ഷണം നല്‍കിയിട്ടുള്ള കുട്ടിയെങ്ങനെ അന്യായ തടങ്കലിലാകുമെന്ന് ആരാഞ്ഞ കോടതി ഹര്‍ജിക്കാരന് പിഴ ചുമത്തേണ്ടി വരുമെന്ന് വ്യക്തമാക്കി. ഇതോടെ ഹര്‍ജി പിന്‍വലിക്കാന്‍ അയ്യപ്പദാസിന്റെ അഭിഭാഷകന്‍ അനുമതി തേടി. ഡിവിഷന്‍ ബെഞ്ച് ഇതനുവദിച്ചു.
















